അമേത്തിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെന്ന സ്മൃതി ഇറാനിയുടെ ആരോപണം കമ്മിഷന്‍ തള്ളി
ന്യൂഡല്‍ഹി: വോട്ടെടുപ്പിനിടെ അമേത്തിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന കേന്ദ്രമന്ത്രിയും മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സ്മൃതി ഇറാനിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ഉത്തര്‍പ്രദേശ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് മണ്ഡലത്തിലെ സ്മൃതിയുടെ എതിര്‍ സ്ഥാനാര്‍ഥി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും കള്ളവോട്ട് നടന്നുവെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. വോട്ടെടുപ്പ് ദിവസം ട്വിറ്ററിലൂടെ വിഡിയോ സഹിതമായിരുന്നു അവര്‍ ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് രേഖാമൂലം അവര്‍ കമ്മിഷനു പരാതി നല്‍കുകയും ചെയ്തു. പരാതി അന്വേഷിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ നടപടിയെടുക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് വൃദ്ധ പറയുന്നതാണ് സ്മൃതി ഇറാനി പുറത്തുവിട്ട വിഡിയോയിലെ ദൃശ്യം. എന്നാല്‍ സ്മൃതി ഇറാനിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ഇന്നലെ കമ്മിഷന്‍ അറിയിച്ചു. കേന്ദ്രമന്ത്രി പരാതി ഉന്നയിച്ച ഉടന്‍ തന്നെ മുതിര്‍ന്ന ഇലക്റ്ററല്‍ ഉദ്യോഗസ്ഥര്‍ ബൂത്തിലെത്തി.
പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയകക്ഷികളുടെ ഏജന്റ്മാരുമായും സംസാരിച്ചു. കേന്ദ്രമന്ത്രി പ്രചരിപ്പിക്കുന്ന വിഡിയോ കെട്ടിച്ചമച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായതായും അമേത്തി മുഖ്യ ഇലക്റ്ററല്‍ ഓഫിസര്‍ ലക്കു വെങ്കടേശ്വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിധത്തില്‍ വ്യാജപ്രചാരണത്തിനായി വിഡിയോ നിര്‍മിച്ചവര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ബൂത്ത് പിടിച്ചെടുത്തെന്ന സ്മൃതി ഇറാനിയുടെ ആരോപണം കോണ്‍ഗ്രസ് നേരത്തെ തള്ളിയിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് പരാജയപ്പെടുകയായിരുന്നു സ്മൃതി ഇറാനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."