കോട്ടിട്ട ഗുണ്ടായിസം; പ്രതിഷേധമിരമ്പി
പാലക്കാട്: ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ രണ്ടാം ദിവസവും അക്രമമഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി. റോഡില്‍വെച്ച് യുവതിയെ കടന്നുപിടിച്ച ഗവ. പ്ലീഡര്‍ക്കെതിരെ വാര്‍ത്തയെഴുതിയതിന്റെ പേരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഒരുപറ്റം അഭിഭാഷകര്‍ കൊച്ചിയിലെ ഹൈക്കോടതി വളപ്പിലും പിന്നീട് വഞ്ചിയൂര്‍ കോടതിയിലും വ്യാപകമായി അക്രമമഴിച്ചുവിട്ടത്.
വഞ്ചിയൂര്‍ കോടതിയിലെ മീഡിയ റൂം അടച്ചുപൂട്ടുകയും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. രണ്ട് ദിവസങ്ങളിലായി കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അക്രമങ്ങളില്‍ നാലിലേറേ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ പത്തോളം പേര്‍ക്ക് മര്‍ദ്ദനവുമേറ്റിരുന്നു.
അക്രമമഴിച്ചുവിട്ട അഭിഭാഷകര്‍ ബിയര്‍കുപ്പിയും കല്ലും ഇഷ്ടികകഷ്ണങ്ങളും വലിച്ചെറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുനേരെ പരമോന്നത നീതിപീഠത്തിന്റെ കണ്‍മുന്നിലുണ്ടായ അക്രമസംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വാര്‍ത്തയെടുക്കാന്‍ പോകുന്ന കൃത്യനിര്‍വഹണത്തിലേര്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്നലെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷനിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വനിതകളുള്‍പ്പെടെ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച് റോബിന്‍സണ്‍ റോഡിലെ പാലക്കാട് പ്രസ് ക്ലബ് ഓഫിസിന് മുന്‍പില്‍ നിന്നാണാരംഭിച്ചത്. തുടര്‍ന്ന് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകര്‍ സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ വലയം വെച്ച് പാലക്കാട് സിവില്‍സ്റ്റേഷന് മുന്‍പിലെത്തി.
പിന്നീട് നടന്ന ധര്‍ണ പാലക്കാട് പ്രസ് ക്ലബ് സെക്രട്ടറി സി.ആര്‍ ദിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എന്‍ രമേശ് യോഗത്തില്‍ അധ്യക്ഷനായി. വി ജെയിന്‍ സംസാരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ജില്ലാ കോടതിയുടെ പരിസരത്തേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും ഡി.വൈ.എസ്.പി സുല്‍ഫീക്കറിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം തടഞ്ഞു.
അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ താക്കീതായിമാറി കേരള പത്രപ്രവര്‍ത്തക യൂനിയന്റെ പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ചിന് ഷില്ലര്‍ സ്റ്റീഫന്‍, കെ വേണു, ശ്രീജിത്ത്, ജലീല്‍, കെ സനൂപ്, ദേവനാരായണന്‍, നാരായണന്‍കുട്ടി, ജയദേവന്‍, ജോണ്‍ അറയ്ക്കല്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിനെതിരെ പാലക്കാട് പ്രസ് ക്ലബില്‍ യോഗം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."