ആനപ്പേടിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍
ദേലംപാടിയില്‍ കാടുകയറിയില്ല; ബളാലില്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചു
ദേലംപാടിയിലും ബളാലിലും ഇറങ്ങിയ കാട്ടാനക്കൂട്ടം കാടുകയറിയില്ല. ദേലംപാടി പഞ്ചായത്തിലെ അഡൂര്‍, പാണ്ടി മേഖലകളില്‍ കൃഷിനാശം വിതച്ച കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമത്തിലാണ് വനപാലകര്‍.
പരപ്പ വനമേഖലയിലെ മുടൂരില്ലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ പെട്ടെന്നുതന്നെ കാടുകയറ്റാന്‍ സാധിക്കുമെന്നും കഴിഞ്ഞ രണ്ടുദിവസമായി ആനകള്‍ ഈ പ്രദേശജനവാസ കേന്ദ്രങ്ങളിലിറങ്ങിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ബളാല്‍ പഞ്ചായത്തിലെ കടവത്തുമുണ്ട പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ഏക്കറുകണക്കിനു കൃഷിയിടങ്ങളാണ് നശിപ്പിച്ചത്.
കര്‍ണാടക വനത്തില്‍നിന്നു കോട്ടഞ്ചേരിമലയില്‍നിന്ന് എത്തിയ ആനക്കൂട്ടം ഏതാനും ദിവസമായി ഈ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
നെട്ടോട്ടമോടി കാട്ടാനക്കൂട്ടം
കേരള വനാതിര്‍ത്തിയില്‍നിന്നു വനപാലകരും കര്‍ഷകരും ചേര്‍ന്ന് ഓടിക്കുന്ന ആനക്കൂട്ടം കര്‍ണാടക അതിര്‍ത്തിയിലേക്കു കടക്കും. അവിടെത്തെ ജനവാസ മേഖലകളില്‍ ഇറങ്ങുമ്പോള്‍ വനപാലകര്‍ കര്‍ണാടകയിലെ അതിര്‍ത്തി ഗ്രമങ്ങളില്‍നിന്നു തുരത്തുന്ന ആനക്കൂട്ടം വീണ്ടും കേരള അതിര്‍ത്തി ഗ്രാമങ്ങളിലേക്കു കടക്കുകയാണ് ചെയ്യുന്നത്. കേരള-കര്‍ണാടക വനം വകുപ്പുകള്‍ സഹകരിച്ച് ഉള്‍ക്കാട്ടിലേക്കു കടത്തുകയോ പ്രത്യേക ആന സംരക്ഷണ വനമേഖല ഒരുക്കുകയോ ചെയ്താല്‍ മാത്രമേ ആനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതു തടയാന്‍ സാധിക്കുകയുള്ളുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ആനപ്പേടിയുള്ള ഗ്രാമങ്ങള്‍
ദേലംപാടി, കാറഡുക്ക, മുളിയാര്‍, ബേഡകം, കുറ്റിക്കോല്‍, ബളാല്‍ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് കാട്ടാനയിറങ്ങി കൃഷി നാശം വരുത്തുന്നത്. അതിര്‍ത്തിക്കിടങ്ങുകളും സോളാര്‍ വേലികളും വകവെക്കാതെയാണ് ഈ പ്രദേശങ്ങളിലേക്ക് ആനക്കൂട്ടങ്ങളെത്തുന്നത്. ആനകള്‍ കൃഷിയിടത്തിലെത്തുന്നത് തടയാനുള്ള നടപടി എങ്ങുമെത്തിയില്ല.
ജീവന്‍ പണയംവച്ച് വനപാലകരും ഗ്രാമവാസികളും
കാടും നാടും വിറപ്പിച്ച് കൊലവിളി നടത്തുന്ന കാട്ടാനക്കൂട്ടത്തെ പരിശീലനമോ ആയുധമോ ഇല്ലാതെ ജീവന്‍ പണയം വച്ചാണ് വനപാലകര്‍ ഉള്‍ക്കാട്ടിലേക്കു തുരത്തുന്നത്. പടക്കം പൊട്ടിച്ചും ചെണ്ടകൊട്ടിയും കൈയില്‍ മുളവടിയും പിടിച്ച് ആനകള്‍ക്കു പിന്നാലെ ഓടിയാണ് വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവന്‍ കാക്കുന്നത്. രാത്രികാലങ്ങളില്‍ കാടുകളില്‍ ചെന്ന് ആനകളെ ഉള്‍ ക്കാട്ടിലേക്കു കടത്താന്‍ ശ്രമിക്കുമ്പോള്‍ ആനക്കൂട്ടങ്ങള്‍ വനപാലകര്‍ക്കും നാട്ടുകാര്‍ക്കും നേരെ തിരിഞ്ഞാല്‍ ജീവനും കൊണ്ടുതിരിച്ചോടുകയല്ലാതെ മറ്റു മാള്‍ഗങ്ങളില്ലാത്ത അവസ്ഥയിലാണ് വനപാലകര്‍. ഇത്രയും അപകടം പിടിച്ച ജോലി ചെയ്യുമ്പോഴും ഇവരുടെ ജീവന്‍ രക്ഷക്കായി ആവശ്യമായ സംവിധാനങ്ങളില്ലാത്തത് ഭീഷണിയായി മാറുകയാണ്.
വിതയ്ക്കാന്‍ കര്‍ഷകനും കൊയ്യാന്‍ വന്യമൃഗങ്ങളും
കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍നിന്നു വിളവെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തെങ്ങ്, കമുക്, വാഴ, റബര്‍, നെല്ല് തുടങ്ങിയ കാര്‍ഷിക വിളകളെയാണ് വന്യമൃഗങ്ങള്‍ വ്യാപമായി നശിപ്പിക്കുന്നത്. കാട്ടാനയ്ക്കു പുറമെ കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ ശല്യവും രൂക്ഷമാണ്.
കുരങ്ങന്മാര്‍ ഇളനീരുകളും അടയ്ക്കാ കുലകളും വാഴക്കുലകളും നശിപ്പിക്കുമ്പോള്‍ റബറുകളും നെല്ലുകളുമാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. ഒരായുഷ്‌ക്കാലം മുഴുവന്‍ അധ്വാനിച്ചു നട്ടുവളര്‍ത്തിയ കാര്‍ഷിക വിളകള്‍ വന്യമൃഗങ്ങള്‍ തകര്‍ത്തെറിയുന്നത് കണ്ണീരോടെ നോക്കി നില്‍ക്കുകയാണ് കര്‍ഷകര്‍.
കോടിക്കണക്കിനു രൂപയുടെ നാശം; നഷ്ടപരിഹാരം നാമമാത്രം
വര്‍ഷങ്ങളായി തുടരുന്ന കാട്ടാനക്കൂട്ടത്തിന്റെ പരാക്രമത്തില്‍ കോടിക്കണക്കിനു രൂപയുടെ കാര്‍ഷിക വിളകളാണ് നശിച്ചത്. വനംവകുപ്പില്‍നിന്നു നാമമാത്രമായ നഷ്ടപരിഹാരതുക മാത്രമാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. തുടര്‍ച്ചയായി കൃഷി നശിപ്പിക്കുന്നതിനാല്‍ പല കര്‍ഷകരും നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കാറില്ല.
വന്‍തോതില്‍ കൃഷി നശിപ്പിക്കുമ്പോള്‍ മാത്രമാണ് പലരും അപേക്ഷ നല്‍കുന്നത്.
വന്യജീവി നിമിത്തമുള്ള നാശമായതിനാല്‍ കൃഷി വകുപ്പില്‍നിന്ന് ആനുകൂല്യമൊന്നും ലഭിക്കുന്നില്ല.
വിദ്യാര്‍ഥികളുടെ യാത്രയും ഭീതിയോടെ
കാട്ടാനകള്‍ ഇറങ്ങുന്ന പല പ്രദേശങ്ങളും സംരക്ഷിത വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളാണ്. ഇതില്‍ ഏറെയും ഗതാഗത യോഗ്യമായ റോഡു പോലുമില്ലാത്ത സ്ഥലങ്ങളാണ്. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ കാട്ടുവഴികളുടെ കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളിലേക്കും മറ്റും പോകുന്നത്. ആനകള്‍ ഇറങ്ങുന്നതു കാരണം ഭീതിയോടെയാണ് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഇതുവഴി പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."