ട്രാഫിക് നിയമങ്ങള്‍ ലംഘിക്കല്ലേ... കൈയോടെ പിടികൂടും
തിരുവനന്തപുരം: നിങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരാണോ. എങ്കില്‍ സൂക്ഷിച്ചോളൂ അവര്‍ നിങ്ങളുടെ തൊട്ടടുത്തുണ്ട്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കൈയോടെ പിടികൂടുന്നതാണ് പുതിയ പദ്ധതി.
ബ്രിട്ടനിലെ സേഫ് കോറിഡോര്‍ മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം ട്രാഫിക് നിയമ ലംഘകരെ കൈയോടെ പിടികൂടി അപ്പോള്‍ തന്നെ പിഴയടപ്പിക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ എം.സി റോഡിലെ 80 കിലോമീറ്ററിനുള്ളിലാണ് ആദ്യഘട്ട പദ്ധതി.
ഓരോ പത്തു കിലോമീറ്ററിലും ഓരോ ബാച്ചായി തിരിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പിലെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പൊലിസും സഹകരിച്ച് നിരീക്ഷണം നടത്തും. നിയമലംഘനം നടത്തുന്നവരെ കൈയോടെ പിടികൂടും. ആദ്യഘട്ടത്തില്‍ എം.സി റോഡിലെ വെട്ട് റോഡ്- തൈക്കോട്- അടൂര്‍ റോഡിലാകും പദ്ധതി നടപ്പാക്കുക. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് (കെ.എസ്.ടി.പി) ആണ് പദ്ധതി ഏകോപിപ്പിക്കുക.
റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയും മരണങ്ങള്‍ പെരുകുകയും ചെയ്തതോടെയാണ് ബ്രിട്ടനില്‍ വിജയകരമായി നടപ്പാക്കിയ സേഫ് കോറിഡോര്‍ പദ്ധതി മാതൃകയില്‍ പുതിയ നടപടികള്‍ ആരംഭിക്കുന്നത്. ബ്രിട്ടനിലെ വോക്കിങ് ഹാം ആസ്ഥാനമായുള്ള ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ലബോറട്ടറി (ടി.ആര്‍.എല്‍) സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
നിര്‍ദിഷ്ട 80 കിലോമീറ്ററിനുള്ളില്‍ ഉള്‍പ്പെടുന്ന ഒന്‍പത് പൊലിസ് സ്‌റ്റേഷനുകളിലെ 150 പൊലിസ് ഉദ്യോഗസ്ഥര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിലെ പട്രോള്‍ സംഘത്തിലെ 40 ഉദ്യോഗസ്ഥര്‍ക്കും വാഹന പരിശോധനയില്‍ വിദഗ്ധപരിശീലനം ലഭിക്കും.
എന്‍ഫോഴ്‌സ്‌മെന്റ് ടീമിനേയും പൊലിസിനേയും സഹായിക്കാന്‍ മൊബൈല്‍ സ്പീഡ് കാമറകള്‍, ആല്‍ക്കോമീറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കും. മോട്ടോര്‍വാഹന വകുപ്പിന്റെയോ, പൊലിസിന്റെയോ അല്ലെങ്കില്‍ സംയുക്തമായ രീതിയിലോ എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കാനുള്ള കേന്ദ്രീകൃത സംവിധാനമുണ്ടാകും.
പൊലിസ് ട്രെയിനിങ് കോളജില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന പരിശീലന പദ്ധതി ജൂണ്‍ മാസം അവസാനം വരെ നീളും. ജൂലൈയില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനാണുദ്ദേശിക്കുന്നത്.
റോഡ് സുരക്ഷ ഉറപ്പുവരുത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ സീറോ ആക്‌സിഡന്റ് സോണ്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് 146.6 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."