'അമേത്തിക്കിത് താങ്ങാനാവില്ല സര്'- രാജീവ് ഗാന്ധിക്കെതിരായ മോദി പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യുവാവിന്റെ രക്തത്തില്‍ ചാലിച്ച് പ്രതിഷേധക്കത്ത്
ലക്നോ: രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതീയില്‍ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യുവാവിന്റെ രക്തത്തില്‍ ചാലിച്ച് പ്രതിഷേധക്കത്ത്. അമേത്തിയിലെ കട്ടിയാവ ഗ്രാമത്തിലെ മനോജ് കശ്യപ് എന്ന യുവാവാണ് കത്തെഴുതിയിരിക്കുന്നത്.
ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് നരേന്ദ്രമോദിയോട് ആവശ്യപ്പെടണമെന്ന് മനോജ് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയ്ക്കെതിരായ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. അമേത്തിക്കാരെ സംബന്ധിച്ച് രാജീവ് ഗാന്ധിയ്ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ക്കൊപ്പം നില്‍ക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണ്-മനോജ് കശ്യപ് പറഞ്ഞു.
മോദിയുടെ വാക്കുകള്‍ തങ്ങളില്‍ എത്രത്തോളം പ്രയാസമുണ്ടാക്കിയെന്ന് മനസ്സിലാക്കാനാണ് ഇത്തരത്തിലൊരു കത്തെഴുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. മിസ്റ്റര്‍ ക്ലീന്‍ എന്നറിയപ്പെട്ട രാജീവ് ഗാന്ധി ഒന്നാം തരം അഴിമതിക്കാരനായാണ് മരിച്ചതെന്നാണ് മോദി പറഞ്ഞത്. പരാമര്‍ശം പെരുമാറ്റച്ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."