എലിപ്പനി: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം
കോഴിക്കോട്: ജില്ലയില്‍ എലിപ്പനി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു. കളക്ട്രറ്റില്‍ ഇന്ന് വൈകീട്ട് മൂന്ന് മണിയ്ക്കാണ് യോഗം നടക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ 13 പേര്‍ക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. 25 സംശയാസ്പദ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സംശയാസ്പദമായ കേസുകളില്‍ ഇന്നലെ ഒരാള്‍ മരിച്ചു.
അതേസമയം അതീവ ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. കോര്പറേഷന് കേന്ദ്രീകരിച്ച് കൂടുതല്‍ മെഡിക്കല്‍ ക്യാംപുകളും പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ വിതരണും നടത്തുന്നുണ്ട്.
മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 85 രോഗികളെ കൂടി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കും. നിലവില്‍ 68 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഡി.എം.ഒ ഓഫിസില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
കോഴിക്കോട് ബീച്ച് ആശുപത്രി, വടകര, കൊയിലാണ്ടി, ഫറോക്ക് ആശുപത്രികളില്‍ എലിപ്പനി ചികിത്സക്കായി എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ കേന്ദ്രസര്‍ക്കാരിന്റെ കുടുംബക്ഷേമ വകുപ്പില്‍ നിന്ന് ജില്ലയിലേക്ക് നിയോഗിച്ചിരിക്കുന്ന 17 സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം 15 ദിവസത്തേക്കു ലഭ്യമാകും. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ വൈകിട്ട് അഞ്ചുവരെ ഒ.പി പ്രവര്‍ത്തിക്കും. കൂടാതെ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച 14 കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്. 16 സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് കോര്പറേഷന് പരിധിയിലും പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."