വ്യാപാര ബന്ധം: തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയും അമേരിക്കയും ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതുവരെ വ്യാപാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ അമേരിക്കയുമായി ഇന്ത്യ ചര്‍ച്ച നടത്താന്‍ ഇടയില്ലെന്ന് റിപ്പോര്‍ട്ട്.
ഈ മാസം അവസാനത്തോടെയായിരിക്കും ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ച നടക്കുകയുള്ളൂ. ഇക്കാര്യം യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ തങ്ങളുടെ ഇടയിലുള്ള പ്രശ്‌നങ്ങളും നിലപാടുകളും ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാര രംഗവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആത്മാര്‍ഥതയെയും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും അമേരിക്ക മാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂണ്‍ മാസത്തോടെ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും പറഞ്ഞു.
നിലവിലുള്ള ലോക്‌സഭയുടെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കും. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്കയില്‍ നിന്ന് അനുകൂല നിലപാട് നേടിയെടുക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുഖ്യമായ വിഷയം. രാജ്യത്തെ എണ്ണ ആവശ്യം നിര്‍വഹിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന രാജ്യമാണ് ഇറാന്‍.
മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള പദ്ധതികളുടെ കീഴില്‍ വിവിധ ആനുകൂല്യങ്ങളും പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്. വ്യാപാര രംഗത്ത് അസന്തുലിതാവസ്ഥക്ക് കാരണം താരിഫ്, നോണ്‍ താരിഫ് തടസങ്ങള്‍ എന്നിവ കാരണമാണെന്ന് നേരത്തെ തന്നെ അമേരിക്ക വിലയിരുത്തിയിട്ടുണ്ട്.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഇന്ത്യയില്‍ താരിഫ് വര്‍ധിപ്പിച്ചത് ഈ ഉല്‍പന്നങ്ങള്‍ക്ക് വിലക്കയറ്റത്തിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അമേരിക്ക കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അമേരിക്കയിലെ വിവിധ കമ്പനികള്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതേസമയം, അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസുമായി ഇരുരാജ്യങ്ങളുമായുള്ള വ്യാപാരം സംബന്ധിച്ച ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ അടുത്ത ഘട്ടത്തില്‍ ഏത് തരത്തിലുള്ള ചര്‍ച്ചയായിരിക്കും മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നതുസംബന്ധിച്ചുള്ള ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയെ വീണ്ടും മഹത്തരമാക്കുക, മെയ്ക്ക് ഇന്‍ ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് വ്യാപാര-വാണിജ്യമേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുക എന്നിങ്ങനെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.
അതുകൊണ്ടുതന്നെ 2030ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മാത്രമല്ല ഏറ്റവും വലിയ ഉപഭോക്തൃ വിപണിയും ഇന്ത്യയായിരിക്കുമെന്നും യു.എസ് വാണിജ്യ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 13.8 ശതമാനമാണ് ഇന്ത്യ ഈടാക്കുന്നത്. ഇത് ലോക രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന താരിഫ് ആണ്.
കാര്‍ഷികോല്‍പന്നങ്ങളിലാകട്ടെ 113.5 ശതമാനം മുതല്‍ 300 ശതമാനം വരെയാണ് താരിഫ് ഉയര്‍ത്തിയിട്ടുള്ളത്. ഇതിനെതിരെ ശക്തമായ വിയോജിപ്പാണ് അമേരിക്കക്കുള്ളത്. എന്നാല്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ അമേരിക്ക ലക്ഷ്യം വയ്ക്കുന്നത് സ്വതന്ത്രവും തുറന്നതും പുരോഗമനാത്മകവുമായ ഇടപാടുകളാണെന്നും യു.എസ് വാണിജ്യ സെക്രട്ടറി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."