പാകിസ്താനില്‍ സൂഫി ദര്‍ഗയ്ക്കടുത്ത് ചാവേര്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു
ലാഹോര്‍: ലാഹോറിലെ പ്രശസ്ത സൂഫി ദര്‍ഗയായ ദാത്ത ദര്‍ബാറിനു സമീപമുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്നു പൊലിസുകാരും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ബുധനാഴ്ച രാവിലെ ദര്‍ഗയിലെ സ്ത്രീകളുടെ പ്രവേശനകവാടത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന പൊലിസ് വാഹനത്തിനടുത്തായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരെ ലാഹോറിലെ മായോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു.
കൊല്ലപ്പെട്ട പൊലിസുകാര്‍ രണ്ടാമത്തെ ഗേറ്റിനു മുന്നില്‍ കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലിസ് ഓഫിസര്‍ അശ്ഫാഖ് അഹ്മദ് പറഞ്ഞു. പൊലിസിനെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് പ്രാദേശിക പൊലിസ് മേധാവി നവാസ് പറഞ്ഞു.
11ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ദാത്ത ദര്‍ബാര്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ദര്‍ഗകളിലൊന്നാണ്. ദര്‍ഗ സന്ദര്‍ശിക്കാന്‍ ദിനേന ആയിരങ്ങളാണെത്തുന്നത്. സൂഫിവര്യനായ അബുല്‍ ഹസന്‍ അലി ഹജ്‌വരി അന്ത്യവിശ്രമംകൊള്ളുന്നത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ദാത്ത ഗഞ്ച് ബക്ഷ് എന്നറിയപ്പെടുന്ന ഇദ്ദേഹം അഫ്ഗാനില്‍ നിന്നു വന്നയാളാണ്.
വര്‍ണാഭമായ സൂഫി ഉല്‍സവങ്ങള്‍ ഇവിടെ നടക്കാറുണ്ട്. ആഴ്ചതോറും ഇവിടെ നടക്കുന്ന ഖവ്വാലി സംഗീതം കേള്‍ക്കാന്‍ ആളുകള്‍ ഇരച്ചെത്തുന്നു. റമദാന്‍ മാസമായതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാവുന്നത്.
മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ദര്‍ഗകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഐ.എസ് ആയിരുന്നു.
2010ല്‍ ദാത്ത ദര്‍ബാര്‍ ദര്‍ഗക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2014ല്‍ പെഷവാറിലെ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."