കുന്നത്തുനാട് വയല്‍ നികത്തല്‍ വിവാദ ഉത്തരവ് റവന്യൂ മന്ത്രി മരവിപ്പിച്ചു
തിരുവനന്തപുരം: കുന്നത്തുനാട് വയല്‍ നികത്തല്‍ വിവാദ ഉത്തരവ് റവന്യൂ മന്ത്രി മരവിപ്പിച്ചു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജില്‍ 15 ഏക്കര്‍ നിലം അനധികൃതമായി നികത്താന്‍ എറണാകുളം കലക്ടറുടെ ഉത്തരവ് റദ്ദാക്കി മുന്‍ റവന്യൂ സെക്രട്ടറി നല്‍കിയ ഉത്തരവാണ് മന്ത്രി ഇടപെട്ട് മരവിപ്പിച്ചത്. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ സെക്രട്ടറി വി. വേണുവിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി.
സി.പി.എമ്മുമായി ഏറെ അടുപ്പക്കാരനായ വ്യവസായിയുടെ തമിഴ്‌നാട്ടിലെ ബിസിനസ് പങ്കാളികളാണു ഭൂമിയുടെ ഉടമസ്ഥര്‍. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത സ്പീക്‌സ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടേതാണ് ഭൂമി. കേന്ദ്ര കമ്പനി കാര്യാലയ മന്ത്രാലയ വെബ്‌സൈറ്റ് പ്രകാരം ഈ കമ്പനിയുടെ ഡയരക്ടര്‍മാര്‍ തമിഴ്‌നാട്ടിലെ വ്യവസായികളായ കൃഷ്ണമ്മ രാജാമണി, വജ്രവേലു കണ്ണിയപ്പന്‍, വാപ്പാല നരേന്ദ്രന്‍ എന്നിവരാണ്. ഇവര്‍ കേരളത്തിലെ വ്യവസായിയുടെ ഏതാനും കമ്പനികളില്‍ പങ്കാളികളാണ്. ഇവരില്‍ ഒരാളോ, മറ്റൊരാളോ ഡയരക്ടറായ തമിഴ്‌നാട്ടിലെ 15 ഓളം കമ്പനികളിലും ഈ വ്യവസായി പങ്കാളിയാണ്.
ഈ വര്‍ഷം ജനുവരി 31ന്, മുന്‍ റവന്യൂ അഡിഷണല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ വിരമിക്കുന്നതിനു തലേദിവസമാണ് കലക്ടറുടെ ഉത്തരവ് മറികടന്ന് തിരക്കിട്ട് ഉത്തരവ് ഇറങ്ങിയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയാതെയായിരുന്നു നീക്കം.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം നിരാകരിച്ചുമായിരുന്നു ഈ നടപടി. കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡേറ്റ ബാങ്കില്‍ ഇത് നിലമാണ്. ഭൂമി നികത്തലിനെതിരേ ജനകീയ സമരം നടന്നതിനെത്തുടര്‍ന്ന് കലക്ടര്‍ നിലം നികത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കി. 15 ദിവസത്തിനകം നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഉത്തരവിട്ടു.
സ്ഥലത്തിന്റെ ക്രയവിക്രയവും പോക്കുവരവും കലക്ടര്‍ മരവിപ്പിച്ചു. ഇതിനെതിരേ കമ്പനി നല്‍കിയ അപ്പീല്‍ പരിഗണിച്ച റവന്യൂ അഡിഷനല്‍ സെക്രട്ടറി കലക്ടറുടെ ഉത്തരവ് റദ്ദാക്കി നിലം നികത്താന്‍ അനുമതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."