ഫ്രാന്‍സിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം
പാരിസ്: ഫ്രാന്‍സിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു. കഴിഞ്ഞ ജൂലൈയില്‍ നിയമം നിര്‍മിച്ചിരുന്നെങ്കിലും ഇന്നലെ സ്‌കൂള്‍ തുറന്നതുമുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്.
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഈ നിയമം നിലവില്‍വന്നത്. ക്ലാസ്‌റൂമുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു നിരവധി പ്രശ്‌നങ്ങള്‍ക്കു കാരണമായിരുന്നു. ഇതേതുടര്‍ന്നാണ് ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയിലും വിദ്യാലയങ്ങളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചത്. പ്രൈമറി, ജൂനിയര്‍ സ്‌കൂളുകളിലാണ് മൊബൈല്‍ നിരോധിച്ചിരിക്കുന്നത്. ഈ സ്‌കൂളുകളാണ് വേനലവധിക്കു ശേഷം ഇന്നലെ തുറന്നത്. മൊബൈലിനെക്കൂടാതെ സ്മാര്‍ട്ട് വാച്ചടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിച്ചിട്ടുണ്ട്.
15 മുതല്‍ 18വരെ വയസ് പ്രായമായ കുട്ടികള്‍ പഠിക്കുന്ന ഹൈസ്‌കൂളുകളില്‍ മൊബൈല്‍ നിരോധനം ബാധകമാക്കിയിട്ടില്ല. എന്നാല്‍, ഇവിടങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നിലവില്‍ അവധിയിലുള്ള ഹൈസ്‌കൂളുകള്‍ തുറന്നാലുടന്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഫ്രാന്‍സില്‍ 12നും 17നും മധ്യേ പ്രായമുള്ള 90 ശതമാനം വിദ്യാര്‍ഥികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതു വിദ്യാര്‍ഥിക്കള്‍ക്കിടയില്‍ അശ്ലീലത പകരുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."