നിക്ഷേപ തട്ടിപ്പ്: അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചു, കേരളത്തില്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നാല് സ്ഥാപനങ്ങള്‍ക്ക് മാത്രം
ആലപ്പുഴ: ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കി നിക്ഷേപകരില്‍ നിന്ന് പണം തട്ടുന്ന പരാതികള്‍ വ്യാപകമായതോടെ പൊതു ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ അംഗീകാരമുള്ളതും അംഗീകാരമില്ലാത്തതുമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചു. 2,000 കോടി രൂപയുടെ നിക്ഷേപം കൈക്കലാക്കി നാടുവിടാന്‍ ശ്രമിച്ച പോപുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകള്‍ പൊലിസ് പിടിയിലാകുകയും നിക്ഷേപകര്‍ വ്യാപകമായി പരാതിയുമായി രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വെബ്‌സൈറ്റില്‍ കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും പത്രപരസ്യം നല്‍കുകയും ചെയ്തത്.
ഭാരതീയ റിസര്‍വ് ബാങ്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസേ്ട്രഷന്‍ നല്‍കിയിട്ടുള്ള 144 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ കേരളത്തില്‍ നാലെണ്ണത്തിന് മാത്രമാണ് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. മറ്റുള്ളവ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലാത്ത ബി കാറ്റഗറിയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് പവര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, മുത്തൂറ്റ് വെഹിക്കിള്‍സ് ആന്റ് അസറ്റ് ഫിനാന്‍സ് ലിമിറ്റഡ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വിസസ് ലിമിറ്റഡ്, ശ്രീരാഗ് ജനറല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നീ നാല് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് റിസര്‍വ് ബാങ്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഇതുകൂടാതെ പല പേരുകളിലുള്ള മുത്തൂറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 140 സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ല. പല സ്ഥാപനങ്ങളും വലിയ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ കബളിപ്പിക്കുന്നത്. സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്ക് കെ. വൈ.സി മാനദണ്ഡം റിസര്‍വ് ബാങ്ക് കര്‍ക്കശമാക്കിയതോടെയാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴുകിയത്. സര്‍വിസില്‍ നിന്ന് വിരമിക്കുന്നവരെയും പ്രവാസികളെയുമാണ് ഇത്തരം സ്ഥാപനങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത്. 21 ഓളം ലിമിറ്റഡ് കമ്പനികള്‍ നിക്ഷേപകര്‍ അറിയാതെ രൂപീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തിയതോടെ വായ്പാ തിരിച്ചടവ് മുടങ്ങി ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകാരമില്ലാത്തത് മറച്ചുവെച്ച് നിക്ഷേപങ്ങള്‍ സമാഹരിക്കുകയാണ് പല സ്ഥാപനങ്ങളും.
ലിമിറ്റഡ് ലയബലിറ്റീസ് കമ്പിനികളായി രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ നഷ്ടത്തിലായാല്‍ പണം നിക്ഷേപിച്ചവര്‍ക്ക് മുതലും പലിശയും തിരികെ നല്‍കേണ്ടെന്ന വ്യവസ്ഥ മറച്ചുവച്ചാണ് കോടികള്‍ പോപ്പുലര്‍ ഗ്രൂപ്പ് തട്ടിയെടുത്തത്. സമാനമായ പണാപഹരണം കേരളത്തിലെ നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി നടത്തിവരുന്നത് ഇപ്പോള്‍ പൊലിസും കണ്ടെത്തിയിരുന്നു. ഇത്തരത്തിള്ള മിക്ക ധനകാര്യ സ്ഥാപനങ്ങളും പാതിവഴിയില്‍ സ്ഥാപനം അടച്ചുപൂട്ടുകയോ നടത്തിപ്പുകാര്‍ മുങ്ങുന്ന സാഹചര്യമോ ആണ് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."