സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍: മലയാളി യുവാവ് നാട്ടിലെത്തി
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയിലെ ദമ്മാമില്‍ ഒന്നര വര്‍ഷത്തോളമായി ദുരിത ജീവിതം നയിക്കുകയായിരുന്ന യുവാവിന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മോചനം. മലപ്പുറം മഞ്ചേരി വേട്ടേക്കാട് നാണത്ത് മുഹമ്മദിന്റെ മകന് ഇസ്മായില്‍ മൂന്നര വര്‍ഷം മുമ്പാണ് ഗള്‍ഫിലെത്തിയത്. ദമ്മാമിലെ പ്രമുഖ കോണ്ട്രാക്റ്റിംഗ് കമ്പനിയില്‍ ഹെവിഡ്രൈവര്‍ ജോലിക്കായിരുന്നു ഇന്റര്‍വ്യൂ നല്‍കിയത്. നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായിരുന്നു വാഗ്ദാനമായി ലഭിച്ചതെങ്കിലും കമ്പനിയില്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ലൈസന്‍സില്ലാതെ വണ്ടിയോടിക്കേണ്ടി വന്നതും വളരെ കുറഞ്ഞ ശമ്പളവും വൃത്തിഹീനമായ സാഹചര്യത്തിലെ താമസവും ഇസ്മായിലിനെ മാനസികമായി തളര്‍ത്തുകയും രോഗബാധിതനുമാക്കി. ഇതിനിടയില്‍ ഇഖാമ കാലാവധി കഴിയുകയും ശമ്പളം മുടങ്ങുകയും ചെയ്തു.
മാസങ്ങളായി ജോലിക്ക് പോവാന്‍ കഴിയാതെ കാംപില്‍ തന്നെ കഴിയുകയായിരുന്നു. നാട്ടില്‍ വിവരം അറിഞ്ഞ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. അദ്ദേഹത്തെ നാട്ടിലേക്കയക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. മുബാറക് ഫറോക്ക്, അഷ്റഫ് മേപ്പയ്യൂര്‍, ഷാജഹാന് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ കമ്പനി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും മുഴുവന്‍ ശമ്പള കുടിശ്ശികയും എയര്‍ ടിക്കറ്റും നല്കി നാട്ടിലേക്കയക്കാന്‍ കമ്പനി തയാറാവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഇത്തിഹാദ് എയര്വേയ്സില് നാട്ടിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."