എൻഐഎ ഭീകര വേട്ട; വി മുരളീധരനെതിരെയുള്ള ആരോപണം മറച്ച് പിടിക്കാൻ: ഐഎസ്‌എഫ്
റിയാദ്: കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരനെതിരെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ വ്യാപക ആരോപണം ഉയർന്ന സാഹചര്യത്തിൽ കൊച്ചിയിൽ നടന്ന എൻ ഐ എ ഭീകരവേട്ട ദുരൂഹത ഉയർത്തുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കമ്മിറ്റി. ദിവസ വേതനത്തിന് തുണിക്കടയിലും റെസ്റ്റോറന്റിലും മറ്റും വർഷങ്ങളായി ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളേയാണ് എൻ ഐ എ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ വി മുരളീധരൻ കുടുങ്ങുമെന്നായപ്പോൾ ജനശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നടകമെന്ന് പൊതുവേ ആരോപണമുണ്ട്.
ബി ജെ പി ക്ക് കാര്യമായി വേരോട്ടമില്ലാത്ത കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മുസ്‌ലിം വിരുദ്ധത പടർത്തിയും വർഗ്ഗീയ കലാപങ്ങൾ അഴിച്ചുവിട്ടും വർഗ്ഗീയ പരാമർശങ്ങൾ നടത്തിയും അധികാരം പിടിച്ചെടുക്കുക എന്ന ഗൂഡ നീക്കം അണിയറയിൽ നടന്ന് കൊണ്ടിരിക്കയാണ്. ഇതിന്റെ ഭാഗമായാണ് ദക്ഷിണേന്ത്യ ഭീകരരുടെ താവളമായി മാറിയിരിക്കയാണ് എന്നുള്ള ബി ജെ പി യുടെ പരാമർശം.ഗവർമെന്റിന്റെ എല്ലാ സംവിധാനങ്ങളേയും സംഘപരിവാരം ഇതിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും യോഗം ആരോപിച്ചു.
സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തേണ്ട ഒരു ഏജൻസി സംഘ പരിവാരത്തിന് ദാസ്യവേല ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ദളിതുകളേയും ന്യൂനപക്ഷങ്ങളേയും ഭീകരൻമാരായി ചിത്രീകരിച്ച് ജയിലറകളിലിട്ടും വംശഹത്യ നടത്തിയും സംഘപരിവാരം ഹിന്ദു രാഷ്ട്ര സങ്കൽപ്പത്തിലേക്ക് നടന്നടുക്കുമ്പോൾ സംഘപരിവാർ സർക്കാരിന്റെ നുണപ്രചരണങ്ങൾ ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ സത്യസന്ധവും നിഷ്പക്ഷവുമായ വാർത്തകൾ ജനങ്ങളിലെത്തിക്കണമെന്നും നീതിക്ക് വേണ്ടി ശബ്ദിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."