അര്‍ദ്ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികലാംഗന്റെ കട തകര്‍ത്തു
കടുത്തുരുത്തി :യാതൊരു മുന്നറിയിപ്പും കൂടാതെ അര്‍ദ്ധരാത്രിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് വികലാംഗന്റെ ചായകട തകര്‍ത്തു.കടുത്തുരുത്തി കോമളവിലാസം വീട്ടില്‍ സോമശേഖരന്‍ നായര്‍ (68) ന്റെ കടയാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ആളുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.
രാവിലെ സോമശ്ശേഖരന് കട തുറക്കാന്‍ വന്നപ്പോഴാണ് കട തകര്‍ത്ത വിവരം അറിയുന്നത്. ഉടന്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സോമശേഖരന്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കടുത്തുരുത്തി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
വികലാംഗനും, രോഗിയുമായ സോമശേഖരന്‍ 20 വര്‍ഷമായി കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം റോഡരുകില്‍ എന്‍ എസ് എസ് ബില്‍ഡിംഗിന് സമീപം ചായക്കട നടത്തി വരുകയായിരുന്നു. നിലവില്‍ സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്ന് പഞ്ചായത്ത് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സോമശേഖരന്‍ പറഞ്ഞു. എന്നാല്‍ കടയിരിക്കുന്ന സ്ഥലം പഞ്ചായത്തിന്റെയാണെന്നും സ്ഥലം ഒഴിവായി കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും, ഈ സ്ഥലത്ത് പഞ്ചായത്തിന്റെ പകല്‍ വീട്' എന്ന പ്രോജക്ട് നടപ്പാക്കാന്‍ കാലതാമസം വന്നാല്‍ പ്രോജക്ട് നഷ്ടപ്പെടുമെന്നും അതിനാല്‍ പഞ്ചായത്തിന്റെ അറിവോടെയാണ് കട പൊളിച്ചു നീക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനി പറഞ്ഞു.
യാതൊരു അറിയിപ്പോ നോട്ടീസോ നല്‍കാതെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ കട തകര്‍ക്കുകകയും, കടയിലുണ്ടായിരുന്ന ചായക്കട ഉപകരണങ്ങളും, പാത്രങ്ങളും മറ്റ് വില പിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു കൊണ്ട് പോകുകയും ചെയ്തു. ഇതിനെതിരെ സോമശേഖരന്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."