ചെക്ക്ഡാമുകളിലും പാലങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു
ഈരാറ്റുപേട്ട: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒലിച്ച് വന്ന തടിക്കഷണങ്ങളും ശിഖരങ്ങളും മഴ കുറഞ്ഞതോടെ ചെക്ക്ഡാമുകളിലും പാലങ്ങളുടെ ചുവട്ടിലും അടിഞ്ഞു കിടക്കുന്നു.
പൂഞ്ഞാറിലെ ഭൂരിഭാഗം ചെക്ക്ഡാമുകളിലും പാലങ്ങള്‍ക്ക് കീഴെയും നാട്ടിലെമ്പാടും നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മരക്കമ്പുകളും വന്ന് തിങ്ങി നിറഞ്ഞിരിക്കുകയാണ്.
തോടുകളും റോഡുകളും കവിഞ്ഞൊഴുകിയ വെള്ളം ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഒഴുകിക്കൊണ്ട് വന്ന് ചെക്ക് ഡാമുകളില്‍ നിക്ഷേപിച്ചത്. മീനച്ചിലാറ്റിലും തോടുകളിലും നിര്‍മ്മിച്ചിരിക്കുന്ന നൂറു കണക്കിന് ചെക്ക്ഡാമുകള്‍ക്കും പാലങ്ങള്‍ക്ക് സമീപവും മാലിന്യങ്ങള്‍ കെട്ടികിടക്കുകയാണ്. കനത്ത മഴയില്‍ വെള്ളത്തോടൊപ്പം ഒഴുകി എത്തിയ മരങ്ങളും വൃക്ഷങ്ങളുടെ ശിഖരങ്ങളുമാണ് ആദ്യം ചെക്ക്ഡാമുകളിലും പാലങ്ങളിലും വന്നടിയുന്നത്. ഇവയില്‍ മറ്റ് മാലിന്യങ്ങള്‍ കുരുങ്ങി വലിയ മാലിന്യശേഖരമായി മാറുന്നു.
മഴ മാറിയെങ്കിലും ഈ മാലിന്യശേഖരം നീക്കം ചെയ്യാന്‍ ആരും തയ്യാറായിട്ടില്ല. വെള്ളത്തില്‍ ഒഴുക്കിവിട്ടാല്‍ അടുത്ത ചെക്ക്ഡാമിലെത്തി ഇവ അടിയുകയും ചെയ്യും. ഇവ വെള്ളത്തില്‍ നിന്ന് വലിച്ചു മാറ്റുക എളുപ്പമല്ലാത്തതിനാല്‍ ജനങ്ങളും ഇതിന് തയ്യാറല്ല. ഇവ ആറ്റിലെ ജലം മലിനമാക്കുന്നതു മാത്രമല്ല ഇഴജന്തുക്കളുടെ വാസസ്ഥലമായി ഈ പ്രദേശത്തെ മാറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."