ഡ്യൂട്ടിക്കിടെ പൊലിസുകാരന് ആക്രമണം; പ്രതി കണ്‍മുന്നിലൂടെ വിലസിയിട്ടും പിടികൂടാതെ പൊലിസ്
തൊടുപുഴ: ഇടുക്കി അണക്കെട്ടിനു മുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതിയെ പിടികൂടാതെ പോലിസ്. അതേസമയം, സംഭവം ഉണ്ടായപ്പോള്‍ തന്നെ ഒതുക്കിത്തീര്‍ക്കാന്‍ തിടുക്കം കാട്ടിയ ഇടുക്കി സിഐ സിബിച്ചന്‍ ജോസഫ്, രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപോര്‍ട്ടിന്‍മേലും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു.
ഫോട്ടോയെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഇടുക്കി അണക്കെട്ടിനു മുകളില്‍വച്ച്, വാഹനത്തില്‍ യാത്ര ചെയ്ത സംഘം വീഡിയോ പകര്‍ത്തിയ മൊബൈല്‍ പോലിസുകാരന്‍ പിടിച്ചെടുത്തതാണ് പ്രശ്‌നത്തിനു തുടക്കം. വാഹനത്തില്‍ എത്തിയ സംഘത്തെ പോലിസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയും ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ, വാഹനത്തില്‍ ഉണ്ടായിരുന്ന സ്ത്രീ ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത് ചന്ദ്ര ബാബു എന്ന സിവില്‍ പൊലിസ് ഓഫീസറെ ആക്രമിക്കുകയും തള്ളി മറിച്ചിടുകയുമായിരുന്നു. ഇതോടെ, പൊലിസുകാര്‍ വാഹനം തടഞ്ഞിട്ട് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍, സിഐയും സംഘവും സംഭവത്തില്‍ കേസ്സൊന്നും വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനിടെ, പരിക്കേറ്റ പോലിസുകാരന്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
കേസ്സെടുത്ത ഇടുക്കി പോലിസ് എഫ്‌ഐആറില്‍ ആക്രമിച്ച സ്ത്രീയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് രഹസ്യാന്വേഷണ വിഭാഗം കേസ് അന്വേഷിക്കുകയും ഇടുക്കി നാരകക്കാനം സ്വദേശി കണിയാംപറമ്പില്‍ ജാസ്മിന്‍ ജോസഫ് ആണ് പോലിസുകാരനെ ആക്രമിച്ചതെന്നു റിപോര്‍ട്ട് നല്‍കുകയും ചെയ്തു. നഈ റിപോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കാതെ അന്വേഷണ സംഘം ഉരുണ്ടുകളിക്കുന്നതാണ് വിവാദമായിരിക്കുന്നത്. അതേസമയം, പ്രതിയായ ജാസ്മിന്‍ ചെറുതോണിയില്‍ അടക്കം കറങ്ങി നടക്കുന്നുണ്ടെന്നും വിവരമുണ്ട്. പോലിസുകാരനെ ആക്രമിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തിട്ടും പ്രതിയെ പിടികൂടാതെ മേല്യുദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം സേനയ്ക്കുള്ളില്‍ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്.
ഏഴുവര്‍ഷത്തിനു മേല്‍ ശിക്ഷിക്കാത്ത വകുപ്പ് ചുമത്തിയാല്‍ അറസ്റ്റ് വേണമെങ്കില്‍ മാത്രം മതിയെന്ന നിയമത്തിന്റെ പിന്‍ബലത്തിലാണ് പ്രതിയെ പിടികൂടാത്തതെന്ന് പോലിസുകാരിലെ തന്നെ ഒരു വിഭാഗം പറയുന്നു. ഇതിനിടെ, ജോലിയില്‍ നിന്ന് രാജിവച്ച് കേസ് നടത്താന്‍ പരിക്കേറ്റ പോലിസുകാരന്‍ നീക്കം നടത്തുന്നതായും സൂചനയുണ്ട്. അങ്ങിനെ വന്നാല്‍, പോലിസ് സേനയ്ക്ക് ഇത് നാണക്കേടാവുമെന്നതിനാല്‍ പ്രതിയെ പിടികൂടാനുള്ള സമ്മര്‍ദ്ദവും വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."