അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: പൊലിസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
പോസ്റ്റല്‍ ബാലറ്റ് അട്ടിമറി ആദ്യം അന്വേഷിച്ച ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിനാണ് ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ളത്. പ്രത്യേക സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം നടത്തുക. തട്ടിപ്പില്‍ പൊലിസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമദൃഷ്ട്യാ കണ്ടെത്തിയ സാഹചര്യത്തില്‍ അസോസിയേഷനും അന്വേഷണ പരിധിയില്‍ വരും.
അസോസിയേഷന്റെ ഇടപെടല്‍ എത്രത്തോളമുണ്ടായിട്ടുണ്ടെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ മാസം 15നകം നല്‍കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം.
ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെ നല്‍കിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നല്‍കിയ സര്‍ക്കുലറിലെ നിര്‍ദേശം പാലിക്കുന്നതില്‍ പൊലിസിന്റെ ജില്ലാ നോഡല്‍ ഓഫിസര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.പോസ്റ്റല്‍ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. ഇതേതുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ പൊലിസ് ആസ്ഥാനത്ത് ലഭിച്ചാല്‍ ഉടന്‍ ഇവര്‍ക്കെതിരേ സസ്പന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പ് തല നടപടികള്‍ സ്വീകരിക്കും.
ഭരണ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും സമ്മര്‍ദം ചെലുത്തിയും പൊലിസുകാരുടെ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാക്കിയെന്ന ഗുരുതര കുറ്റമാണ് പൊലിസ് അസോസിയേഷനെതിരേ തെളിഞ്ഞിരിക്കുന്നത്. ഇത് ശരിവച്ചുള്ള റിപ്പോര്‍ട്ടാണ് ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. ഇതേതുടര്‍ന്നാണ് ഇന്നലെ തന്നെ ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.സംസ്ഥാന വ്യാപകമായി നടന്ന ക്രമക്കേടിന്റെ ഉത്തരവാദിത്വം മുഴുവന്‍ സേനയിലെ എറ്റവും ചെറിയ വിഭാഗമായ എ.ആര്‍ ബറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുന്നതാണ് നിലവിലെ നടപടി. ഇനി നടക്കുന്ന സമഗ്ര അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ മാത്രമാവും ക്രമക്കേടിന് ആഹ്വാനവും ഗൂഢാലോചനയും നടത്തിയ നേതാക്കളടക്കം കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."