HOME
DETAILS
MAL
കൊവിഡ്: കേരളത്തില്‍നിന്ന് മടങ്ങിയത് മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികളെന്ന് കേന്ദ്രം
backup
September 22 2020 | 03:09 AM
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തെ ഒരു കോടിയിലേറെ കുടിയേറ്റ തൊഴിലാളികള്‍ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ നിന്ന് 3.11 ലക്ഷത്തിലേറെപ്പേരാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്.
അതേസമയം, അടച്ചിടലില്‍ ഇളവുകള്‍ വന്നുതുടങ്ങിയതോടെ നിരവധിപ്പേര്‍ അവരുടെ ജോലിസ്ഥലത്തേക്കുതന്നെ മടങ്ങിയെത്തുന്നതായും എം.വി ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കായി തൊഴില്‍ മന്ത്രാലയം വിവിധ പദ്ധതികള്‍ നടപ്പാക്കി. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി 20 കണ്ട്രോള് റൂമുകള്‍ തുറന്നു. സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് രണ്ട് ലക്ഷത്തിലേറെപ്പേര്‍ക്ക് അവരുടെ വേതന കുടിശ്ശിക (ആകെ 295 കോടി രൂപ) ലഭിച്ചു. കരാര്‍ ജോലിക്കാരുള്‍പ്പെടെയുള്ളവരെ പിരിച്ചുവിടരുതെന്ന് മന്ത്രാലയം നിര്‍ദേശമിറക്കി. പുറമേനിന്നെത്തുന്നവര്ക്ക് ക്വാറന്റൈന് സൗകര്യമേര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
മെയ് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ ഇന്ത്യന്‍ റെയില്‍വേ 4,621 ശ്രമിക് സ്പെഷല്‍ തീവണ്ടികള്‍ ഓടിച്ചു. ഇതില്‍ 63.19 ലക്ഷംപേര്‍ക്ക് സ്വന്തംനാട്ടിലെത്താനായി. 80 കോടിയാളുകള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യവും ഒരു കിലോഗ്രാം പയറുവര്‍ഗങ്ങളും സൗജന്യമായി വിതരണം ചെയ്തുവെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."