കേരളത്തിനു കൈത്താങ്ങുമായി ബസുകളുടെ കാരുണ്യയാത്ര
ഫറോക്ക്: പ്രളയം ദുരന്തം വിതച്ച കേരളത്തിനു കൈത്താങ്ങുമായി ഫറോക്ക് മേഖലയിലെ സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര. ടിക്കറ്റും ബാഗും ഓഴിവാക്കി ബക്കറ്റുമായി കണ്ടക്ടര്‍മാരെത്തിയപ്പോള്‍ യാത്രക്കാര്‍ അകമഴിഞ്ഞ പിന്തുണ നല്‍കി. യാത്ര നിരക്കിലും അധികം തുകയാണ് ഓരോ യാത്രക്കാരും ബക്കറ്റില്‍ നിക്ഷേപിച്ചത്.
ഫറോക്ക് ഏരിയാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനു കീഴിലെ 123 ബസുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി ഇന്നലെ സര്‍വിസ് നടത്തിയത്. ബസ് ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ വേതനവും നിധിയിലേക്ക് നല്‍കി. ബസുകള്‍ക്ക് മുന്‍പില്‍ ബാനര്‍ പതിച്ചായിരുന്നു ബസുകളുടെ ഓട്ടം. ബസുകളുടെ കാരുണ്യ യാത്രയോട് യാത്രക്കാര്‍ പുര്‍ണമായും സഹകരിച്ചു.
രാവിലെ മുതല്‍ രാത്രി വരെ നടത്തിയ സര്‍വിസില്‍ നല്ലൊരു തുക സമാഹരിക്കാനായിട്ടുണ്ട്. ഇതു കലക്ടര്‍ക്കു കൈമാറാനാണ് പദ്ധതി. എസ്.എ.എം.കെ അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൗണ്‍സിലര്‍ വി. മുഹമ്മദ് ഹസ്സന്‍, അഡീഷനല്‍ എസ്.ഐ കെ. പ്രശാന്ത്, അസോസിയേഷന്‍ പ്രസിഡന്റ് പി.കെ അബ്ദുല്ല, സെക്രട്ടറി കെ.എം നാരായണന്‍കുട്ടി പണിക്കര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ അബ്ദുറഹ്മാന്‍, മുല്ലപ്പളളി അഹമ്മദ്‌കോയ, പി.കെ അബ്ദുല്‍ വഹാബ്, കെ. ഇബ്രാഹിം, എം. ഷരീഫ് ഹാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."