50 ബസുകള്‍ വാടകയ്ക്കെടുക്കല്‍; കെ.എസ്.ആര്.ടി.സി ഉടന്‍ തീരുമാനമെടുക്കും
തിരുവനന്തപുരം: ബംഗളൂരുവിലേക്ക് പ്രത്യേക സര്‍വിസ് നടത്തുന്നതിനായി 50 മള്‍ട്ടി ആക്സില്‍ എ.സി ബസുകള്‍ വാടകയ്ക്കെടുക്കുന്ന കാര്യത്തില്‍ കെ.എസ്.ആര്.ടി.സി ഉടന്‍ തീരുമാനമെടുക്കും. ബസുകള്‍ വാടകയ്ക്കു നല്‍കുന്നതിനായി ക്ഷണിച്ചിരുന്ന ടെന്‍ഡര്‍ തിയതി ഇന്നലെ അവസാനിച്ചിരുന്നു. ഇന്നു തന്നെ ടെന്‍ഡറുകള്‍ പരിശോധിക്കാനാണ് സാധ്യത. ഉടന്‍ തന്നെ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ബംഗളൂരുവിലേക്ക് കോണ്‍ട്രാക്ട് കാരേജ് സര്‍വിസ് നടത്താനാണ് ഡ്രൈവര്‍ ഉള്‍പ്പെടെ സര്‍വിസ് നടത്തുന്ന 50 ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെ.എസ്.ആര്.ടി.സി തീരുമാനിച്ചത്. പ്രാദേശിക ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് (എല്‍.എ.പി.ടി) ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ അന്തര്‍സംസ്ഥാന കോണ്‍ട്രാക്ട് കാരേജ് സര്‍വിസുകള്‍ നടത്താന്‍ അനുവാദമുള്ളൂ.
എന്നാല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിയമപ്രകാരം കെ.എസ്.ആര്.ടി.സിക്ക് ഇതിനു തടസമുണ്ടാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ആവശ്യമെങ്കില്‍ എല്‍.എ.പി.ടി ലൈസന്‍സ് എടുക്കാന്‍ തയാറാണെന്നാണ് കോര്‍പറേഷന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ടെന്‍ഡറുകള്‍ ക്ഷണിച്ചതും. കെ.എസ്.ആര്.ടി.സി കോണ്‍ട്രാക്ട് സര്‍വിസ് തുടങ്ങിയാല്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും ഇതേ പാത പിന്തുടരാന് സാധ്യതയുണ്ട്. രണ്ടു കോര്‍പറേഷനുകളും നിലവില്‍ നൂറോളം സര്‍വിസുകളാണ് ഈ മേഖലയില്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."