വാവുബലി: ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കും: വി.എസ്. ശിവകുമാര്‍ എം.എല്‍.എ
തിരിവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇപ്രാവശ്യവും കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ശംഖുമുഖത്ത് ബലിതര്‍പ്പണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് സ്ഥലം എം.എല്‍.എ.യും മുന്‍ദേവസ്വം മന്ത്രിയുമായ വി.എസ് ശിവകുമാര്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് ശംഖുമുഖം ദേവിക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു
അദ്ദേഹം. ദേവസ്വം ബോര്‍ഡ് പിതൃതര്‍പ്പണത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പരിചയസമ്പന്നരായ പുരോഹിതരുടെ കാര്‍മ്മികത്വത്തില്‍ പുലര്‍ച്ചെ രണ്ടരയ്ക്കു തന്നെ ബലിതര്‍പ്പണങ്ങള്‍ ആരംഭിക്കും.
കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നതിനാല്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പുവരുത്തും. 400ഓളം പൊലിസുകാരെ ഇവിടെ വിന്യസിക്കുന്നതോടൊപ്പം കോസ്റ്റല്‍ പൊലിസിന്റെ സേവനവും ഉണ്ടാകും. ആരോഗ്യവകുപ്പിന്റെ രണ്ടു ടീം മെഡിക്കല്‍ സംഘത്തിന്റെ സേവനവും ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ നേതൃത്വം നല്‍കും. കുടിവെള്ള സൗകര്യത്തിന് വാട്ടര്‍ അതോറിറ്റി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. ശംഖുമുഖത്തേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ സര്‍ക്കുലര്‍ ബസ് സര്‍വിസുകള്‍ രാത്രി മുതല്‍ ആരംഭിക്കും.
പൊലിസ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, കെ.എസ്.ആര്‍.ടി.സി, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, നഗരസഭ എന്നിവയുടെ ഏകോപനം ഉറപ്പുവരുത്തിയുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ രഘുപതി, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ കെ.ആര്‍ മോഹന്‍ലാല്‍, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ജി. ഗോപകുമാര്‍, പൊലിസ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, കെ.എസ്.ആര്‍.ടി.സി, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകളിലെ
ഉദ്യോഗസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."