പൊതുസേവകരും വിദേശ സംഭാവന വാങ്ങരുത്: കുരുക്കിട്ട് സര്‍ക്കാര്‍
ന്യൂഡല്‍ഹി: വ്യക്തികളും സന്നദ്ധ സംഘടനകളും വിദേശസംഭാവനകള്‍ വാങ്ങുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് കര്‍ശന വ്യവസ്ഥകളോടെ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഇത് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കുരുക്കിടാനുള്ള സര്‍ക്കാറിന്റെ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. വിദേശസംഭാവന വാങ്ങുന്നതില്‍ വിലക്കേര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊതുസേവകരെ കൂടി ഉള്‍പ്പെടുത്തി. 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ഭേദഗതി ചെയ്താണ് മോദി സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളിയാണ് ബില്‍ പാസാക്കിയത്.
നിയമം ലംഘിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ 360 ദിവസം വരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം ഭേദഗതി അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. സംഭാവന വാങ്ങുന്നതിനുള്ള യോഗ്യതയ്ക്കായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി.
പുതിയ നിയമ ഭേദഗതിബില്ലിലെ പ്രധാന വ്യവസ്ഥകള്‍
- എസ്.ബി.ഐയുടെ ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശാഖയില്‍ എഫ്.സി.ആര്‍.എ അക്കൗണ്ട് തുറന്ന് അതിലൂടെ മാത്രമേ വിദേശ സംഭാവനകള്‍ സ്വീകരിക്കാവൂ. ആവശ്യമെങ്കില്‍ മറ്റിടങ്ങളില്‍ തുറക്കുന്നതിന് എഫ്.സി.ആര്‍.എ അക്കൗണ്ടുകളിലേക്ക് പണം മാറ്റാം. ഡല്‍ഹിയിലെ അക്കൗണ്ട് വിവരങ്ങള്‍ അധികൃതരെ അറിയിക്കണം.
- എഫ്.സി.ആര്‍.ഐ അക്കൗണ്ടില്‍ വരുന്ന പണം ആ സംഘടന മാത്രമേ ഉപയോഗിക്കാവു.
- എന്‍.ജി.ഒകളുടെ മാനേജ്‌മെന്റിലുള്ള എല്ലാ വ്യക്തികളുടേയും ആധാര്‍ വിവരങ്ങള്‍ രജിസട്രേഷന്‍ സമയത്ത് കേന്ദ്രസര്‍ക്കാരിന് നല്‍കണം.
- വിദേശ പണം സ്വീകരിക്കാന്‍ അനുമതി ഇല്ലാത്തവരില്‍ പൊതു സേവകര്‍ എന്ന വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി. ഐ.പി.സി 21ാം വകുപ്പിലെ പൊതുസേവകന്റെ പരിധിയിലുള്ളവര്‍ (പൊലിസ് ഉദ്യോഗസ്ഥര്‍,അധികാര സ്ഥാനത്തുള്ളവര്‍ തുടങ്ങിയവര്‍) ഇതില്‍ വരും.
- ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന ദിവസങ്ങള്‍ 180 ല്‍ നിന്നും360 ദിവസം വരെയാക്കി.
ഞായറാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ കൊണ്ടുവന്നത്. ന്യൂനപക്ഷങ്ങളെ പ്രത്യേകമായി പ്രഹരിക്കാന്‍ ലക്ഷ്യമിടുന്നതും സന്നദ്ധ പ്രവര്‍ത്തനം സംശയനിഴലിലാക്കുന്നതുമായ അനാവശ്യ നിയമവ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. എന്‍.ജി.ഒകളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്താനും നിയമഭേദഗതി സര്‍ക്കാര്‍ ആയുധമാക്കുകയാണെന്ന് കോണ്‍ഗ്രസ്,തൃണമൂല്‍ കോണ്‍ഗ്രസ്,എന്‍.സി.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."