വമിക്കുന്ന വിഷം തിരിച്ചെടുക്കാനാവില്ല
മതദ്വേഷത്തിനു കാരണമായേക്കാവുന്ന അഭിപ്രായപ്രകടനം ഭരണഘടന അനുവദിക്കുന്നില്ല. ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാമെന്നല്ലാതെ ഇതരമതങ്ങളെ അവഹേളിക്കുന്നതിന് അനുവാദമില്ല. സംഘ്പരിവാര്‍ ചാനല്‍ എന്നറിയപ്പെടുന്ന സുദര്‍ശന്‍ ടി.വിയെ സുപ്രിംകോടതി ഈ സത്യം ഓര്‍മപ്പെടുത്തിയെന്നു മാത്രമല്ല, ഈ ഹിന്ദി ചാനല്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന 'ബിന്ദാസ് ബോല്‍' എന്ന പരിപാടിയുടെ തുടര്‍സംപ്രേഷണം വിലക്കുകയും ചെയ്തു. സിവില്‍ സര്‍വിസില്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി നുഴഞ്ഞുകയറുന്നുവെന്നായിരുന്നു വാര്‍ത്താപരമ്പരയുടെ പ്രമേയം. മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന ബിംബങ്ങളും സൂചകങ്ങളും അതില്‍ ധാരാളമായുണ്ടായിരുന്നു. മതം മാറിയുള്ള പ്രണയത്തിന് 'ലൗ ജിഹാദ് ' എന്നു പേരിട്ടതുപോലെ ഇതിന് 'യു.പി.എസ്.സി ജിഹാദ് ' എന്ന പേരും നല്‍കി. സര്‍വിസുകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് പരാതിയുള്ളപ്പോഴാണ് അവര്‍ക്കുള്ളതും കളയുന്നതിനുള്ള കുത്സിതമായ നീക്കം. ഭരണഘടനാ സ്ഥാപനമായ യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്റെ വിശ്വാസ്യതയെക്കൂടിയാണ് സുദര്‍ശന്‍ ചോദ്യം ചെയ്തത്.
ഇങ്ങനെ ആര്‍ക്കും എന്തും പറയുന്നതിനുള്ള സ്വാതന്ത്ര്യം അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഭരണഘടന നല്‍കിയിട്ടില്ല. നാനാത്വത്തിലെ ഏകത്വം എന്നു പ്രകീര്‍ത്തിക്കപ്പെടുന്ന ഭാരതീയ സംസ്‌കൃതിയുടെ പുണ്യവും പുരാണവും ഹിന്ദുത്വപ്രഘോഷകരെ സുപ്രിംകോടതിക്ക് ഓര്‍മപ്പെടുത്തേണ്ടിവന്നു. ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നീ ജഡ്ജിമാര്‍ ചേര്‍ന്ന ബെഞ്ചാണ് പ്രസക്തമായ ചില കാര്യങ്ങള്‍ അതിലൂടെ രാഷ്ട്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ളതാണ്. പ്രകടനത്തിനും പ്രസിദ്ധീകരണത്തിനും മുന്‍പുള്ള നിയന്ത്രണവും നിരോധനവും അനുവദനീയമല്ല. ഈ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടില്‍ പത്രസ്വാതന്ത്ര്യം വികസിതമായത്. എന്നിട്ടും മുന്‍കൂര്‍ നിയന്ത്രണത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ അവിടെ ചൂണ്ടിക്കാണിക്കാനുണ്ട്. താലിഡോമൈഡും സ്‌പൈകാച്ചറും അടുത്ത കാലത്ത് പ്രസിദ്ധമായ കേസുകളാണ്. പൊതുതാല്‍പര്യത്തെ അടിസ്ഥാനമാക്കിയാണ് രണ്ടു കേസുകളിലും മുന്‍കൂര്‍ വിലക്കുണ്ടായത്. ഇന്ത്യയിലെ അവസ്ഥയും ഇതുതന്നെ. അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പിലാണ് മുന്‍കൂര്‍നിയന്ത്രണം എന്തെന്ന് നാമറിഞ്ഞത്. അന്ന് അതു ശരിവച്ച തന്റെ പിതാവിന്റെ നടപടി തെറ്റായിരുന്നുവെന്ന് അഭിപ്രായമുള്ള ജസ്റ്റിസ് ചന്ദ്രചൂഡാണ് ഇപ്പോള്‍ ഒരു ടി.വി ചാനലിന്റെ വാര്‍ത്താസംപ്രേഷണത്തിനു മുന്‍കൂര്‍ വിലക്കേര്‍പ്പെടുത്തിയത്.
സംപ്രേഷണത്തിനു മുന്‍പേ ഉള്ളടക്കം പരിശോധിക്കുന്നതിലെ അപകടം നന്നായി അറിയാവുന്ന ആളാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. അദ്ദേഹം ഉദാരമായി പ്രകടിപ്പിക്കുന്ന ലിബറല്‍ ചിന്താഗതിക്ക് അനുയോജ്യമായ നടപടിയല്ല അത്. അതേസമയം ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്ന വിഷയം വന്നപ്പോള്‍ സെന്‍സറിങ്ങിനു സമാനമായ നടപടി അദ്ദേഹത്തിന്റെ ബെഞ്ച് സ്വീകരിച്ചു. ഇതു സ്വീകാര്യമായ മാതൃകയായി കണ്ട് ഹൈക്കോടതികളും ഇതര കോടതികളും മാധ്യമങ്ങള്‍ക്കെതിരേ വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍ ഇന്‍ജങ്ഷന്‍ ഉത്തരവുകള്‍ നല്‍കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന ശങ്കയും ചന്ദ്രചൂഡ് പ്രകടിപ്പിച്ചു. അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ളതാണ്. നിയമനടപടികള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കേണ്ടത് പ്രസിദ്ധീകരണത്തിനു ശേഷമാണ്. പക്ഷേ, വിഷം പുരട്ടിയ അഭിപ്രായങ്ങള്‍ ലക്ഷ്യത്തിലെത്തുംമുന്‍പേ തടയാതെ വയ്യ.
ഈ പശ്ചാത്തലത്തിലാണ് സുദര്‍ശന്‍ ടി.വി സംപ്രേഷണം ചെയ്യാനിരിക്കുന്ന ആറ് എപ്പിസോഡുകള്‍ കോടതി നിരോധിച്ചത്. പ്രക്ഷേപണസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനു സാധാരണയായി കോടതി പറയുന്ന ന്യായങ്ങളല്ല സുദര്‍ശന്‍ കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്. അന്തസ് എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്. വ്യക്തിയുടെ അന്തസ് ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം ഭരണഘടനയുടെ ആമുഖവാഗ്ദാനമാണ്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് വ്യക്തിയുടെ അന്തസ്. പൗരത്വമുള്ള ജനതയെ നുഴഞ്ഞുകയറ്റക്കാരും അപഹര്‍ത്താക്കളുമായി ചിത്രീകരിക്കുന്നത് അവര്‍ക്ക് അപമാനമാണ്. ആത്മാഭിമാനത്തില്‍ അധിഷ്ഠിതമായ അവകാശബോധത്തിലാണ് ജനതകള്‍ ശ്രേയസ് കൈവരിക്കുന്നത്.
അനഭിമതരെ അപമാനിക്കുകയെന്നത് ഫാസിസ്റ്റ് രീതിയാണ്. ജൂതരെ കൂട്ടത്തോടെ കൊല്ലുക മാത്രമല്ല ഹിറ്റ്‌ലര്‍ ചെയ്തത്. ആണും പെണ്ണും വ്യത്യാസമില്ലാതെ അവരെ നഗ്നരാക്കി അപമാനിച്ച് വിഷപ്പുരകളില്‍ തള്ളുകയായിരുന്നു. എല്ലാം ജൂതര്‍ കൈയടക്കുന്നു എന്ന ആക്ഷേപവും ഹിറ്റ്‌ലര്‍ക്കുണ്ടായിരുന്നു. സമാനമായ ആക്ഷേപമാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരേ സംഘ്പരിവാറിനുള്ളത്. അതാണ് സുദര്‍ശന്‍ ടി.വി പരിപാടിയില്‍ കോടതി കണ്ടത്. സംപ്രേഷണം ചെയ്ത നാല് എപ്പിസോഡുകളുടെ സ്‌ക്രിപ്റ്റ് വായിച്ചതിനു ശേഷമാണ് കോടതിയുടെ അഭിപ്രായവും നടപടിയും ഉണ്ടായത്.
മാര്‍ഗദര്‍ശിയുടെ അഭാവമാണ് മാധ്യമങ്ങളെ വഴിതെറ്റിക്കുന്നതെന്ന് പൊതുവായ ധാരണയുണ്ട്. പത്രങ്ങളുടെ വഴികാട്ടിയാണ് പ്രസ് കൗണ്‍സില്‍. അങ്ങനെ ചില സംവിധാനങ്ങളും പ്രസ്താവ്യമായ പാരമ്പര്യവും ഉള്ളതിനാലാവാം ഇന്നും വിശ്വാസ്യതയുള്ള മാധ്യമമായി പത്രങ്ങള്‍ നിലനില്‍ക്കുന്നത്. ഇലക്‌ട്രോണിക്-ഡിജിറ്റല്‍ മാധ്യമങ്ങളുടെ വഴി ശരിയല്ലാത്തതിനു കാരണങ്ങള്‍ പലതുണ്ട്. ടെലിവിഷനു വഴികാട്ടുന്നതിനുള്ള സ്വന്തം സ്വകാര്യസംവിധാനമാണ് നാഷനല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍. പ്രക്ഷേപണച്ചട്ടം ലംഘിച്ചാല്‍ അസോസിയേഷനു നല്‍കാവുന്ന പരമാവധി ശിക്ഷ ഒരു ലക്ഷം രൂപ പിഴയാണ്. ഇന്നത്തെ ടെലിവിഷന്‍ ചാനലുകള്‍ക്ക് അതൊരു ശിക്ഷയേ അല്ല. അസോസിയേഷനില്‍ അംഗമല്ലാത്തവര്‍ക്കുമേല്‍ അസോസിയേഷനു ശിക്ഷാധികാരമില്ല. സുദര്‍ശന്‍ ടി.വി എന്‍.ബി.എയില്‍ അംഗമല്ല. അതുകൊണ്ട് ആരുടെയും നിയന്ത്രണത്തിന് ആ ചാനല്‍ വിധേയമല്ല.
മാധ്യമപ്രവര്‍ത്തനത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന തെറ്റുകളും മനഃപൂര്‍വം സൃഷ്ടിക്കുന്ന തെറ്റുകളുമുണ്ട്. ആദ്യത്തേത് തിരുത്താനുള്ളതാണ്. രണ്ടാമത്തേത് തിരുത്താനുള്ളതല്ല. ദേഷ്യം സ്വാഭാവികമാണ്. വിദ്വേഷം സൃഷ്ടിക്കപ്പെടുന്നതാണ്. വിഷം പുരട്ടിയ വാക്കുകളാണ് വിദ്വേഷഭാഷണത്തിന് ഉപയോഗിക്കുന്നത്. മതം, ജാതി, വര്‍ഗം, ദേശീയത എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി വിവേചനത്തിനും വിദ്വേഷത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്നതാണ് വിദ്വേഷപ്രസംഗവും പ്രക്ഷേപണവും. എളുപ്പത്തില്‍ ആക്രമിക്കാവുന്ന ന്യൂനപക്ഷങ്ങളെയാണ് ഇക്കൂട്ടര്‍ ഉന്നംവയ്ക്കുന്നത്. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയോ എന്നതല്ല പരിശോധനയുടെ മാനദണ്ഡം. ഒരു സമൂഹത്തെ മുഴുവന്‍ അപമാനിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നുവോ എന്നാണ് പരിശോധിക്കേണ്ടത്. വിദ്വേഷത്തിനു ഭരണഘടനയുടെ പരിരക്ഷയില്ല.
വികാരത്തെ വ്രണപ്പെടുത്തുന്നതും വിദ്വേഷം വമിക്കുന്നതും രണ്ടാണ്. സംസാരസ്വാതന്ത്ര്യത്തിന് അതിരിടരുതെന്ന് നിര്‍ബന്ധമുള്ളവരെ പ്രതിസന്ധിയിലാക്കുന്ന തരംതിരിവാണിത്. തെറ്റായ സംസാരത്തിനെതിരേ ശരിയായ സംസാരത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ശരിയായ രീതി. ആക്രമിക്കപ്പെടുന്നത് ന്യൂനപക്ഷമാകുമ്പോള്‍ ഈ പ്രതിരോധ-പ്രത്യാക്രമണ സിദ്ധാന്തം ഫലിക്കണമെന്നില്ല.
ഭരണഘടനയുടെ അനുച്ഛേദം 19 (2), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 295 എ എന്നീ വകുപ്പുകള്‍ എന്നിവയാണ് വിദ്വേഷപ്രകടനത്തെ സംബന്ധിച്ച പ്രസക്തമായ വ്യവസ്ഥകള്‍. നിയമത്തില്‍ പറയുന്ന ധാര്‍മികത സമൂഹത്തിന്റെ ധാര്‍മികതയല്ല. സമൂഹത്തില്‍ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ ധാര്‍മികതകളുണ്ട്. ശബരിമല കേസില്‍ കോടതി വെളിപ്പെടുത്തിയ ഭരണഘടനാപരമായ ധാര്‍മികതയ്ക്ക് നിരക്കുന്നതായിരിക്കണം പൗരന്റെ വാക്കും പ്രവൃത്തിയും ജീവിതവും. വമിക്കപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ കഴിയാത്തതാണ് വിദ്വേഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."