ടൂറിസം വികസനത്തിന് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കും: മന്ത്രി
പീരുമേട്: ജില്ലയുടെ വിനോദസഞ്ചാര മേഖലയുടെ സമഗ്രവികസനത്തിന് ഉതകുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനം ഉറപ്പുവരുത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
ജില്ലയിലെ വിവിധ ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പീരുമേട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിനോദസഞ്ചാര സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി കൂടുതല്‍ സംരംഭകരെയും തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിച്ച് ജില്ലയുടെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനത്തിന് കലക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. വനംവകുപ്പുമായുള്ള വിഷയങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭൂമിയുടെ ലഭ്യത സംബന്ധിച്ചും പരിഹാരം കാണാന്‍ പരിശ്രമിക്കും.
വിനോദസഞ്ചാരികളുടെ വര്‍ധനക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പാരിസ്ഥിതിക പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാക്കാത്ത വിധം പശ്ചിമഘട്ടം മേഖലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ജോയ്‌സ് ജോര്‍ജ്ജ് എം.പി , എം.എല്‍.എമാരായ പി.ജെ ജോസഫ്, ഇ.എസ് ബിജിമോള്‍ ടൂറിസം സെക്രട്ടറി ഡോ. വി വേണു, ടൂറിസം ഡയറക്ടര്‍ യു.വി. ജോസ്, കെ.റ്റി.ഡി.സി എം.ഡി അലി അസ്ഗര്‍ പാഷ, ഡി.റ്റി.പി.സി സെക്രട്ടറി കെ.വി.ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."