അതിജീവനത്തിന് കനിവിന്റെ കോട്ട കെട്ടി കാസര്‍കോട്
കാസര്‍കോട്: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് കനിവിന്റെ കോട്ടകെട്ടുകയാണ് കാസര്‍കോട്. ജില്ലയില്‍നിന്ന് അണമുറയാത്ത സഹായപ്രവാഹം ഒഴുകുന്നതിനൊപ്പം പ്രളയബാധിത മേഖലകളില്‍ സന്നദ്ധസേവനത്തിനും യുവതയുടെ ഒഴുക്കാണ്.
കനിവോടെ കാസര്‍കോട് കൂട്ടായ്മയും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും സംയുക്തമായി വയനാട്ടിലെ കബനീ നദീതീരത്തെ പ്രളയബാധിത മേഖലയായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളി ആദിവാസി കോളനിയിലും എടമല ബസവന്‍മൂല കോളനിയിലും ഭക്ഷണ സാമഗ്രികളും വസ്ത്രങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. ഇരുന്നൂറ്റി അന്‍പതോളം കുടുംബങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ കാസര്‍കോട് സംഘത്തിന് കഴിഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുടെ സാന്നിധ്യം സംഘത്തിന് കരുത്തു പകര്‍ന്നു. എന്‍ഡോസള്‍ഫാന്‍ സമരപ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം കൃഷ്ണകുമാര്‍, പ്രേമചന്ദ്രന്‍ ചോമ്പാല, വിമല ഫ്രാന്‍സിസ്, രതീഷ് അമ്പലത്തറ, ജയേഷ് കൊടക്കല്‍, സന്തോഷ് ഒടയംചാല്‍, ചന്ദ്രു വെള്ളരിക്കുണ്ട്, നബിന്‍, ശിവന്‍, ശരണ്യ, ശശീന്ദ്രന്‍ എന്നിവരടങ്ങുന്ന ജില്ലയില്‍ നിന്നുള്ള സംഘമാണ് ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി വയനാട്ടിലെത്തിയത്.
മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, അംഗങ്ങളായ ബീനസജി, മോളിജോസ് എന്നിവരാണ് വയനാട്ടിലെ ഊരുകളിലേക്ക് സംഘത്തെ നയിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി വയനാട്ടിലേക്കുള്ള കനിവോടെ കാസര്‍കോടിന്റെ രണ്ടാമത്തെ യാത്രയാണിത്. ആദ്യഘട്ടത്തില്‍ വയനാട്ടിലെ ആറോളം ദുരിതാശ്വാസ ക്യാംപുകളില്‍ ഇവര്‍ സഹായമെത്തിച്ചിരുന്നു. പ്രളയബാധിത മേഖലയിലേക്ക് എസ്.കെ.എസ്.എസ്.എഫ് ദുരിതാശ്വാസ ഫണ്ടിലേക്ക് ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആദ്യഗഡുവായ 1,70,000 രൂപയുടെ സഹായ നിധി ജില്ലാ അധ്യക്ഷന്‍ സിദ്ദീഖ് കനിയടുക്കം ദുബൈ സംസ്ഥാന ഘടകം അധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ ഫൈസിക്ക് കൈമാറി. മുസ്തഫാ മൗലവി, ഫാസില്‍ മെട്ടമ്മല്‍, സുബൈര്‍ മാങ്ങാട്, ഷാഫി അസ്അദി, അസീസ് ബള്ളൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."