മലയാളികളുടെ പ്രിയപ്പെട്ട തമിഴെഴുത്തുകാരന്‍
അശ്‌റഫ് കൊണ്ടോട്ടി
'തമിഴന്മാരേക്കാള്‍ എന്റെ എഴുത്തു വായിച്ചത് മലയാളികളായിരിക്കു'മെന്നു തോപ്പില്‍ മുഹമ്മദ് മീരാന്‍ അഭിമാനത്തോടെ പറയുമായിരുന്നു. കേരളത്തെയും മലയാളികളെയും അത്രയേറെ ഇഷ്ടപ്പെട്ട സാഹിത്യകാരനായിരുന്നു അദ്ദേഹം. അദ്ദേഹം വായിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടതും മലയാളസാഹിത്യത്തിലെ മികച്ച എഴുത്തുകാരുടെ കൃതികളായിരുന്നു.
കേരളവുമായി അദ്ദേഹത്തിനുള്ളത് പൊക്കിള്‍കൊടി ബന്ധമാണ്. കേരളം ചിരപരിചിതമായതിനാല്‍ പല രചനകളിലും കേരളീയത കടന്നുവരും. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ചാരുകസേര' എന്ന നോവലിന്റെ പശ്ചാത്തലം തിരുവിതാംകൂറാണ്. അഞ്ചു തലമുറകളിലെ കഥയാണ് ചാരുകസേരയില്‍ വിവരിക്കുന്നത്. പൂര്‍വികര്‍ സമ്പാദിച്ചതു മുഴുവന്‍ ഇളമുറ തമ്പുരാന്‍ വിറ്റു മുടിക്കുന്നതും സ്ത്രീകളെ ചൂഷണം ചെയ്യുന്നതുമാണു ചാരുകസേര എന്ന നോവലിലെ പ്രമേയം.
പിതാമഹാന്‍ കൈമാറിവന്ന ചാരുകസേരയില്‍ മലര്‍ന്നു കിടന്നു തിന്നു സുഖിച്ച് ജീവിക്കുകയും സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്യപ്പെടുന്നതുമാണ് നോവല്‍. വീട്ടു ജോലിക്കാരിയായി മാത്രം ഭാര്യയെ കാണുകയും മറ്റു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നതിനെയാണ് ഈ നോവല്‍ വിമര്‍ശിക്കുന്നത്.
ഒരു കടലോരത്തിന്റെ കഥ, തുറൈമുഖം, കൂനന്‍ തോപ്പ്, ചാരുകസേര, അണ്ടവണ്ണം തെരു, കുടിയേറ്റം തുടങ്ങി ആറു നോവലുകളും നൂറിലേറെ കഥകളും എഴുതിയ പ്രതിഭയാണ് അദ്ദേഹം. മനുഷ്യഗന്ധിയായ കഥയും കഥാപാത്രങ്ങളുമാണു തോപ്പിലിന്റെ സൃഷ്ടികള്‍. രചനയിലെ ഈ വൈവിധ്യത്തിന് പ്രേരകമായ ഘടകങ്ങള്‍ അദ്ദേഹം ജീവിച്ച സമൂഹ സമുദായ ചുറ്റുപാടു തന്നെയായിരുന്നു.
സമൂഹത്തിലും സമുദായത്തിലും മേലാളന്മാര്‍ ചമഞ്ഞു സാധാരണക്കാരന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ചുറ്റുപാടിലായിരുന്നു തോപ്പിലിന്റെ ജനനം. തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ തേങ്കാ പട്ടണത്തില്‍ മാത്രമല്ല ഈ അധാര്‍മികതയുണ്ടായിരുന്നത്. വ്യത്യസ്ത രീതിയില്‍ ഓരോ സ്ഥലങ്ങളിലും ആ അധാര്‍മികത കാണാനായി. എക്കാലത്തും സമുദായനേതാക്കന്മാരാല്‍ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് സാധാരണക്കാര്‍. ഇവരുടെ ദയനീയത കണ്ടില്ലെന്ന് നടിക്കാന്‍ തോപ്പിലാനായിരുന്നില്ല.
ഉച്ചനീചത്വങ്ങള്‍ക്കെതിരേ നേരിട്ടൊരു ചോദ്യം ചെയ്യലിനിറങ്ങിയാല്‍ ഊരു വിലക്കിനും ജീവനെടുക്കാനും ഉന്നതജാതിക്കാര്‍ തുനിയും. അതിനാല്‍ ഇത്തരം അനീതികള്‍ക്കെതിരേ നോവലുകളിലൂടെയും കഥകളിലൂടെയും ചെറുക്കുകയായിരുന്നു തോപ്പില്‍. ഒരു കടലോര ഗ്രാമത്തിന്റെ കഥ, തുറമുഖം തുടങ്ങിയ നോവലുകളില്‍ ഇത്തരം സാമുദായിക മേലാളന്മാര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിനു ഭീഷണി നേരിടേണ്ടി വന്നിട്ടുമുണ്ട്.
സാധാരണക്കാരന്റെ വാക്കുകളും ജീവിതങ്ങളുമാണ് തോപ്പില്‍ നോവലുകളിലും കഥകളിലും പകര്‍ത്തിയിരുന്നത്. തനിക്ക് മുന്‍പുള്ള തലമുറ ജീവിച്ച കാലഘട്ടത്തെക്കുറിച്ച് പിതാവില്‍ നിന്നുള്ള കേട്ടറിവായിരുന്നു തോപ്പിലില്‍ കഥയുടെ ബീജം മുളപ്പിച്ചത്. കടലോര ഗ്രാമത്തിന്റെ കഥ പുറത്തു വന്നപ്പോള്‍ പലരും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. തോപ്പിലിന്റെ രണ്ടാമത്തെ നോവലായിരുന്നു അത്.
കേരളപ്പിറവിക്ക് മുന്‍പ് തിരുവിതാംകൂറില്‍ ഉള്‍പ്പെട്ടതായിരുന്നു കന്യാകുമാരി. അതുകൊണ്ടുതന്നെ പഠിച്ചത് തമിഴാണെങ്കിലും മലയാളവും നന്നായി വഴങ്ങിയിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ രചനകള്‍ ആവേശത്തോടെയാണ് അദ്ദേഹം വായിച്ചിരുന്നത്. തേങ്കാ പട്ടണം സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. നാഗര്‍കോവില്‍ എസ്.ടി ഹിന്ദു കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. 23ാം വയസിലാണ് ആദ്യ നോവലായ കൂനന്‍ തോപ്പ് എഴുതുന്നത്. പിന്നീട് ചെറുകഥകളും എഴുതിയെങ്കിലും പൂര്‍ണമായും തമിഴ് സാഹിത്യത്തിലേക്ക് കടക്കുന്നത് 40ാം വയസിലാണ്. ജീവിത പ്രാരബ്ധങ്ങളാണ് എഴുത്തില്‍നിന്ന് തുടക്കത്തില്‍ മാറിനില്‍ക്കാന്‍ കാരണം.
സാഹിത്യകാരനാകുമ്പോഴും തിരുനല്‍വേലി ചന്തയിലെ മുളക് വ്യാപാരിയായിരുന്നു തോപ്പില്‍. കമ്മിഷന്‍ കടകളില്‍നിന്നു മുളകു ശേഖരിച്ചു തിരുവനന്തപുരത്തേയ്ക്കും മറ്റും കയറ്റിയയക്കും. ഇതൊരു വിനോദമായിരുന്നില്ല അദ്ദേഹത്തിന്. തൊഴില്‍ തന്നെയായിരുന്നു. തിരുനല്‍വേലി ചന്തയിലെ വ്യാപാരിയായ അദ്ദേഹത്തിന് മനുഷ്യരുടെ ജീവിതത്തെ തൊട്ടറിയാമായിരുന്നു. ദരിദ്രന്റെയും സാധാരണക്കാരന്റെയും കഥകള്‍ എ.സി റൂമിലിരുന്ന് എഴുതുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. അധ്വാനിക്കുന്നവന്റെ കൂടെനിന്ന് അവന്റെ മനോവ്യഥകള്‍ അറിയുന്നവനാന് യഥാര്‍ഥ സാമൂഹ്യ പരിഷ്‌കര്‍ത്താവെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു.
മലയാളസാഹിത്യം തോപ്പിലിന് ഇഷ്ടമായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി വാസുദേവന്‍ നായര്‍, എസ്.കെ പൊറ്റെക്കാട്ട്, ഒ.വി വിജയന്‍, കാക്കനാടന്‍, സി. രാധാകൃഷ്ണന്‍, സേതു, എം. മുകുന്ദന്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയവരുടെ രചനകളെല്ലാം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. മലയാളസാഹിത്യകാരന്മാരില്‍ പലരുമായും വ്യക്തിബന്ധം പുലര്‍ത്താനും അവരുടെ രചനകള്‍ വായിക്കാനും അദ്ദേഹം സമയം കണ്ടെത്തി. എം. മുകുന്ദന്റെ കഥപറച്ചിലിനോടും ഭാഷയോടും കൂടുതല്‍ ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."