HOME
DETAILS
MAL
രാജ്യം കര്‍ഷകര്‍ക്കൊപ്പം അണിചേരുന്നു
backup
September 23 2020 | 03:09 AM
ചണ്ഡിഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലുകള്‍ക്കും ഓര്‍ഡിനന്‍സുകള്‍ക്കുമെതിരേ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യം ഏറ്റെടുക്കുന്നു. പഞ്ചാബില്‍ തുടക്കമിട്ട പ്രക്ഷോഭം പിന്നാലെ ഹരിയാനയിലും വ്യാപിച്ചതോടെ, രാജ്യത്തിന്റെ ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, ഡല്‍ഹി, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകവിരുദ്ധ ബില്ലുകള്‍ക്കെതിരേ പ്രത്യക്ഷ സമരം ആരംഭിച്ചു.
ഇന്നലെ കര്‍ഷകവിരുദ്ധ ബില്ലുകള്‍, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയ്‌ക്കെതിരേ ഡല്‍ഹിയില്‍ പാര്‍ലമെന്റിനു മുന്‍പില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് നേരിട്ടു. പാര്‍ലമെന്റ് വളപ്പിലേക്കു കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് അടക്കമുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
കൊല്‍ക്കത്തയില്‍ ഒഴിഞ്ഞ പാത്രങ്ങളുമായായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. പഞ്ചാബിലെ മൊഹാലിയിലും പാട്യാലയിലും ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. പാട്യാലയില്‍ പ്രതിഷേധത്തിനിടെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ട്രാക്ടര്‍ റാലി കേന്ദ്രസര്‍ക്കാരിനു വലിയ വെല്ലുവിളിയായിരുന്നു.
ഇതിനു പിന്നാലെയാണ് കര്‍ണാടക, ആന്ധ്രാപ്രദേശ്, ബിഹാര്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭത്തിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. തമിഴ്‌നാട്ടില്‍ ഈ മാസം 28നു സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡി.എം.കെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ വിവിധ കര്‍ഷക സംഘങ്ങളുമായി സഹകരിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രക്ഷോഭത്തിനു തുടക്കമിടുന്നത്. ഇതോടെ, ശിരോമണി അകാലിദളിനെപ്പോലെ തമിഴ്‌നാട്ടിലെ ഭരണപക്ഷവും പ്രതിരോധത്തിലാകും. ഹരിയാനയില്‍ ഭരണപക്ഷത്തെ ജെ.ജെ.പി നേരത്തേതന്നെ ബില്ലുകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍നിന്നു മന്ത്രിയെ പിന്‍വലിച്ച ശിരോമണി അകാലിദളിനോട് ചോദ്യവുമായി ഇന്നലെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് അകാലിദള്‍ എന്‍.ഡി.എ വിടാത്തതെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.
കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചതിന് രാജ്യസഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്കു പിന്തുണയുമായി എന്‍.സി.പി നേതാവ് ശരത് പവാറും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."