HOME
DETAILS
MAL
ഡാമുകളിലെ ജലശേഖരം 80 ശതമാനം പിന്നിട്ടു; ഇടുക്കി ബ്ലൂ അലര്‍ട്ടിന് അരികെ
backup
September 23 2020 | 04:09 AM
തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലശേഖരം 80 ശതമാനം പിന്നിട്ടു. ഗ്രൂപ്പ് ഒന്നിലെ അണക്കെട്ടുകള്‍ 78 ശതമാനവും ഗ്രൂപ്പ് രണ്ടില്‍ 90 ശതമാനവും ഗ്രൂപ്പ് മൂന്ന് അണക്കെട്ടുകള്‍ 84 ശതമാനവും നിറഞ്ഞുകഴിഞ്ഞു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിലെ ജലനിരപ്പ് 2,384.64 അടിയായി ഉയര്‍ന്നു.
ഇനി രണ്ടരയടി കൂടി ജലനിരപ്പുയര്‍ന്നാല്‍ ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. സംഭരണശേഷിയുടെ 84.64 ശതമാനം (ഗ്രോസ് സ്റ്റോറേജ്) വെള്ളമാണ് ഇപ്പോള്‍ ഇടുക്കി ഡാമിലുള്ളത്. 79 ശതമാനമാണ് ലൈവ് സ്റ്റോറേജ് (വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗിക്കാവുന്ന വെള്ളം). 30 മണിക്കൂറിനിടെ അണക്കെട്ടില്‍ 3 അടി (2.7 ശതമാനം) വെള്ളം ഉയര്‍ന്നു.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ഇന്നലെ വൈകിയും തുടരുകയാണ്. നാളെയോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. 2,386.04 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 2,392.04 അടി ഓറഞ്ച് അലര്‍ട്ട്, 2,393.04 അടി റെഡ് അലര്‍ട്ട് ലെവലുമാണ്. പരമാവധി അനുവദനീയമായ ജലനിരപ്പ് 2,403 അടിയാണെങ്കിലും റൂള്‍ കര്‍വ് പ്രകാരം 2,995.21 അടി വരെ മാത്രമേ സംഭരിക്കാനാകൂ. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഡാം തുറക്കേണ്ടിവരില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
10 അടിയോളം ജലനിരപ്പ് ഇതിനായി ഉയരേണ്ടതുണ്ട്. മഴയുടെ ശക്തി ആദ്യ ദിവസങ്ങളെക്കാള്‍ കുറഞ്ഞതിനാല്‍ ഇതിന് സാധ്യതയില്ലെന്നും വിലയിരുത്തുന്നു. പമ്പ, കക്കി അണക്കെട്ടുകളില്‍ 77 ശതമാനം, ഷോളയാര്‍- 98, ഇടമലയാര്‍- 76, കുണ്ടള- 94, മാട്ടുപ്പെട്ടി- 60, കുറ്റ്യാടി- 72, തരിയോട്- 94, ആനയിറങ്കല്‍- 60, പൊന്മുടി- 85 ശതമാനം എന്നിങ്ങനെയാണ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 129.9 അടിയായി ഉയര്‍ന്നു. മൂന്നുദിവസം കൊണ്ട് നാല് അടിയോളമാണ് ജലനിരപ്പുയര്‍ന്നത്. ഇവിടെയും ശക്തമായ മഴ തുടരുകയാണ്. അണക്കെട്ടുകളിലെ ജലനിരപ്പുയര്‍ന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 30.31 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."