വികസനക്കുതിപ്പിന് കരുത്തേകി കോതമംഗലത്ത് 433 കോടിയുടെ പദ്ധതികള്‍
സമഗ്രവികസനം ലക്ഷ്യമാക്കി 433 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന ആന്റണി ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ ഒരുങ്ങുന്നത്. സംസ്ഥാന പാതയുള്‍പ്പെടെ വിവിധ പ്രധാന റോഡുകളും സ്റ്റേഡിയവും സ്‌കൂളുകളുടെ കെട്ടിട നിര്‍മാണവുമുള്‍പ്പെടെയുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.
തങ്കളം-കാക്കനാട് നാലുവരിപ്പാതക്ക് 255 കോടി രൂപയുടെ പദ്ധതിയാണ് മണ്ഡലത്തില്‍ ലക്ഷ്യമിടുന്നത്. 27.2 കി.മീറ്റര്‍ ദൂരം വരുന്ന തങ്കളം-കാക്കനാട് നാലുവരിപ്പാത 7.2 കി.മീറ്റര്‍ ദൂരമാണ് കോതമംഗലം മണ്ഡലത്തില്‍ വരുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കലിനും റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കുമായി 255 കോടിയുടെ ഡി.പി.ആര്‍ തയാറാക്കി കിഫ്ബി അംഗീകാരത്തിനായി സമര്‍പ്പിച്ചു. കോട്ടപ്പടി മുതല്‍ ഇരുമലപടി വരെയുള്ള ഭാഗത്ത് ടാറിങ്ങ് പ്രവര്‍ത്തികളും കാനയുടെയും കലുങ്കിന്റെയും പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയാണ്.
കോതമംഗലം-പെരുമ്പന്‍കുത്ത് റോഡില്‍ തട്ടേക്കാട് മുതല്‍ കുട്ടമ്പുഴ വരെയുള്ള എട്ട് കി.മീറ്റര്‍ ദൂരം ആധുനിക നിലവാരത്തില്‍ ബി.എം.ബി.സി ടാറിങ് പ്രവൃത്തികള്‍ക്കായി 23.55 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രവൃത്തികളുടെ ഭാഗമായി കലുങ്കിന്റെ പണികള്‍ 90 ശതമാനം പൂര്‍ത്തീകരിച്ചു. പുഴയുടെ ഭാഗത്തെ തീരത്തുള്ള കെട്ടുകളുടെ പ്രവൃത്തി 65 ശതമാനം പൂര്‍ത്തീകരിച്ചു.
കായിക കേരളത്തിന്റെ ആസ്ഥാനമായ കോതമംഗലത്ത് ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയ നിര്‍മാണത്തിന് 15.83 കോടി രൂപയുടെ അനുമതി ലഭിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് കിറ്റ്‌കോ വിശദമായ ഡി.പി.ആര്‍ തയാറാക്കി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ അന്തിമഘട്ടത്തിലാണ്. നടന്നുവരുന്ന അലൈന്‍മെന്റ് ഫിക്‌സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ലാന്‍ഡ് അക്വിസിഷന്‍ നടപടികള്‍ക്കായുള്ള നോട്ടിഫിക്കേഷന്‍ പബ്ലിഷ് ചെയ്യുന്നതിനുവേണ്ട നടപടി പുരോഗമിക്കുന്നു.
ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ച് കോടി 39 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ഹൈടെക് സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. 23,000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ 21 ക്ലാസ് റൂമുകളും രണ്ട് ഹൈടെക് ലാബുകളും ഓഫിസ് സമുച്ചയങ്ങള്‍ക്കും പുറമെ ആധുനിക രീതിയിലുള്ള എട്ട് ടോയ്‌ലറ്റുകളും ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളും അടങ്ങുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സും അനുബന്ധ ഇലക്ട്രിക്, പ്ലംബിങ് പ്രവൃത്തികളും പൂര്‍ത്തിയാക്കിയാണ് ഹൈടെക് സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പല്ലാരിമംഗലം ഗവ. മോഡല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തില്‍ ഹൈടെക് ആക്കുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചു. വിശദമായ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിര്‍മാണ പ്രവൃത്തികള്‍ സ്‌കൂളില്‍ പുരോഗമിച്ച് വരുന്നു.
നേര്യമംഗലത്ത് പെണ്‍ കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മാണത്തിനായി 4.45 കോടി രൂപ അനുവദിച്ചു. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ വഴി നിര്‍മാണം നടത്തുന്ന പ്രസ്തുത ഹോസ്റ്റല്‍ നിര്‍മാണം ആരംഭ ഘട്ടത്തിലാണ്.
പിണവുര്‍കുടിയില്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പുതിയ ഹോസ്റ്റലിന് അഞ്ച് കോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. കോതമംഗലത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് രണ്ടുകോടി മുടക്കി നിര്‍മിക്കുന്ന പുതിയ രജിസ്‌ട്രേഷന്‍ കോംപ്ലക്‌സിന്റെ ബില്‍ഡിങ് സ്ട്രക്ചര്‍ അടക്കമുള്ള കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
ഫോട്ടോ
ആന്റണി ജോണ്‍ എം.എല്‍.എ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."