സൗമ്യ കേസ്: വീണ്ടും കുറ്റപത്രം നല്‍കാന്‍ പൊലിസ് ഒരുങ്ങുന്നു
കണ്ണൂര്‍: പിണറായി പടന്നക്കരയിലെ ഒരു വീട്ടിലെ മൂന്നുപേരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സൗമ്യയെ മാത്രം പ്രതിയാക്കി പൊലിസ് നല്‍കിയ കുറ്റപത്രം കോടതി മടക്കി. മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഘട്ടം ഘട്ടമായി മൂന്ന് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്.
കുറ്റപത്രം അപൂര്‍ണമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അന്വേഷണ സംഘത്തിനെതിരേ രൂക്ഷ വിമര്‍ശനവും കോടതി നടത്തി.
തന്നിഷ്ടപ്രകാരം ജീവിക്കാന്‍ സൗമ്യ കുറ്റം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും കാര്യകാരണങ്ങള്‍ നിരത്തി സമര്‍പ്പിച്ച കുറ്റപത്രമാണ് പ്രഥമദൃഷ്ട്യാ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തലശ്ശേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പൊലിസിന് തിരികെ നല്‍കിയത്. ഒന്നിലധികം മൊബൈല്‍ ഫോണുകളും അതിലേറെ കാമുകരും ഉണ്ടെന്ന് പൊലിസ് തന്നെ വെളിപ്പെടുത്തിയ സൗമ്യ, അടുത്ത് ബന്ധമുള്ള കാമുകരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പെടുത്താത്തതാണ് കോടതി അപാകതയായി ചൂണ്ടിക്കാട്ടിയത്. അപാകതകള്‍ ഒഴിവാക്കിയും പ്രതി മരണപ്പെട്ടതായും ഉള്‍പെടുത്തി കുറ്റപത്രങ്ങള്‍ വീണ്ടും സമര്‍പ്പിക്കാനാണ് പൊലിസ് നീക്കം.
ഇതിനിടെ പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ മരിച്ചതായി ജയിലധികൃതര്‍ തലശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സൗമ്യയെ കഴിഞ്ഞ 24ന് രാവിലെ 9.30ന് വനിതജയില്‍ തോട്ടത്തിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നും ജീവനുള്ളതായി തോന്നിയതിനാല്‍ ജില്ലാ ആശുപത്രിയിലെത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാതാപിതാക്കളായ പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍(76), കമല (65), മകള്‍ ഐശ്വര്യ (എട്ട്) എന്നിവരെ ഭക്ഷണത്തില്‍ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നായിരുന്നു സൗമ്യക്കെതിരായ കുറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."