തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി
കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ സംസ്ഥാന പൊലിസ് മേധാവിയുടെ പങ്കിനെ കുറിച്ചും വ്യക്തമായി അന്വേഷിക്കണം. കൂടാതെ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവരുടെ പങ്കും വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ അട്ടിമറി നടത്തിയ തെരഞ്ഞെടുപ്പ് വേറെയില്ല. പൊലിസ് പോസ്റ്റല്‍ വോട്ട് അട്ടിമറി സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ ആരോപണങ്ങളില്‍ രണ്ടുപേരെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇത് കണ്ണില്‍ പൊടിയിടാനുള്ള നടപടി മാത്രമാണ്. തെരഞ്ഞെടുപ്പ് അട്ടിമറി നടന്ന സാഹചര്യത്തില്‍ മുഴുവന്‍ പോസ്റ്റല്‍ വോട്ടും റദ്ദാക്കണം. പൊലിസ് സേനയിലടക്കമുള്ളവര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഘടിതവും ആസൂത്രിതവുമായാണ് തെരഞ്ഞെടുപ്പ് അട്ടിമറി നടന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സി.പി.എം കള്ളവോട്ടും അട്ടിമറിയും ആചാരമായാണ് തുടരുന്നത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ ബി.എല്‍.ഒമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് നിയോഗിച്ചത്. ബി.എല്‍.ഒമാരില്‍ 90 ശതമാനവും സി.പി.എം അനുഭാവികളാണ്. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇതു കൂടാതെ 77 താലൂക്കുകളിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ ഭൂരിപക്ഷം പേരും വോട്ട് വെട്ടിനിരത്തി. ഇവര്‍ സി.പി.എമ്മുമായി ബന്ധപ്പെട്ടുള്ള സംഘടനയിലുള്ളവരാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരം പറയണം. മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ വരെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ബൂത്തായ ആര്‍.സി അമല സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളും വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ബൂത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ തയാറാവണം. തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിന്മേല്‍ അദ്ദേഹം സ്വീകരിച്ച നടപടിയില്‍ സംതൃപ്തിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
10 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം അതിശയോക്തി നിറഞ്ഞതാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പ്രതികരണം അസ്ഥാനത്താണ്. ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പോലും അദ്ദേഹം തയാറായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, എം.ടി പത്മ, കെ.സി രാമചന്ദ്രന്‍, കെ.സി അബു, വി.ടി സുരേന്ദ്രന്‍, സി.ജെ റോബിന്‍ പങ്കെടുത്തു.
ക്രമക്കേടുകള്‍ അന്വേഷിക്കാന്‍
പ്രത്യേക സമിതി
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമിതിയെ രൂപീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.സി ജോസഫ് കണ്‍വീനറായുള്ള സമിതിയില്‍ എം.എല്‍.എമാരായ സണ്ണിജോസഫ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവരും കെ.പി.സി.സി ഭാരവാഹികളായ കെ.പി കുഞ്ഞിക്കണ്ണന്‍, വി.എ നാരായണന്‍, ഉമാ ബാലകൃഷ്ണന്‍, സജി ജേക്കബ്, എന്‍. സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, പി.എം സുരേഷ്ബാബു എന്നിവരാണ് മറ്റംഗങ്ങള്‍. ആദ്യഘട്ടത്തില്‍ മലബാര്‍ ജില്ലകളിലാണ് സമിതി തെളിവെടുപ്പ് നടത്തുന്നത്. പരാതിയുള്ള കേന്ദ്രങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സമര്‍പ്പിക്കും. നിയമനടപടി ആവശ്യമാണെങ്കില്‍ ഏതറ്റംവരേ പോകാനും ഒരുക്കമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."