പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലിസിന് വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
മുക്കം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലിസിന് വീഴ്ച പറ്റുന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പോക്‌സോ കേസുകളുടെ അന്വേഷണവും പ്രോസിക്യൂഷനും തമ്മില്‍ വലിയ വിടവുകള്‍ ഉണ്ടാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
പഠനത്തിലെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പൊലിസ് മേധാവി എക്‌സിക്യൂട്ടീവ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ചു. ലൈംഗിക അതിക്രമ കേസുകളില്‍ മെഡിക്കല്‍ ഓഫിസര്‍ രേഖപ്പെടുത്തുന്ന ഇരകളുടെ മൊഴിയും എഫ്. ഐ. ആറും പലപ്പോഴും വിരുദ്ധമായാണ് കാണപ്പെടുന്നത്. ഇരയുടെ ഭാഷയിലാണ് മൊഴി രേഖപ്പെടുത്തേണ്ടതെന്നും എന്നാല്‍ എഫ്. ഐ. ആറില്‍ പൊലിസ് ഭാഷ കൂട്ടിച്ചേര്‍ത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പോക്‌സോ കേസുകളുടെ വിവരം നല്‍കുന്ന അധ്യാപകരുടെയോ മറ്റു സാമൂഹിക പ്രവര്‍ത്തകരുടേയോ മൊഴിയെടുക്കണം. പ്രതി ഇരയുടെ ബന്ധുവായി വരുന്ന സാഹചര്യത്തില്‍ രക്ഷിതാവോ ഇരയോ മൊഴിമാറ്റാന്‍ സാധ്യതയുണ്ടെന്നും ഇത് കേസ് ദുര്‍ബലപ്പെടുത്തുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
വനിത പൊലിസ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍, മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് മൊഴിയെടുക്കണം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം റേ>് ഐ.ജിയില്‍ നിന്ന് ജില്ലാ പൊലിസ് മേധാവികള്‍ക്ക് നല്‍കുക. കേസ് ദുര്‍ബലപ്പെടാതിരിക്കാന്‍ ഇരയുടെ ജനത്തീയതി തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ശേഖരിക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണത്തിലിരിക്കുന്ന മുഴുവന്‍ കേസുകളുടേയും പ്രതിമാസ അവലോകന യോഗം ജില്ലാ പൊലിസ് മേധാവിമാര്‍ സംഘടിപ്പിക്കണമെന്നും ആണ് റിപ്പോര്‍ട്ട്.
ലൈംഗിക അതിക്രമ കേസുകളില്‍ ഇരയായ സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിക്കാതിരിക്കാന്‍ വനിതാ പൊലിസുകാര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ പരിശീലനം നല്‍കണം. വിക്ടിം ലെയ്‌സണ്‍ ഓഫിസറെ (വി.എല്‍.ഒ) നിര്‍ബന്ധമായും നിയോഗിക്കുക. ഇരയെ സ്വാധീനിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ പ്രതി ശ്രമിക്കുന്നില്ലെന്നും ജില്ലാ പൊലിസ് മേധാവിമാര്‍ ഉറപ്പുവരുത്തണം.
ലൈംഗികാതിക്രമത്തിന് വിധേയരായ ഇരകളുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മികച്ച പരിശീലനം നല്‍കണമെന്നും പഠനത്തില്‍ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."