വിജയത്തിളക്കത്തില്‍ വയനാട്
12 സ്‌കൂളുകള്‍ക്ക് നൂറുമേനി, 392പേര്‍ക്ക് എപ്ലസ്
കല്‍പ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വയനാടിന് 89.65 ശതമാനം വിജയം. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുകയാണ് ചെയ്തത്.
ഇത്തവണയും സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വിജയശതമാനവും വയനാടിനാണ്. കഴിഞ്ഞതവണ 92 ശതമാനമായിരുന്നു വിജയം. ഇപ്രാവശ്യം 12 സ്‌കൂളുകള്‍ 100 മേനി വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. മൊത്തം 12475 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 11184 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 392പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.
കല്‍പ്പറ്റ എന്‍.എസ്.എസ്(127 വിദ്യാര്‍ഥികള്‍), ജയശ്രീ സ്‌കൂള്‍ കല്ലുവയല്‍ (107), എം.ജി.എം മാനന്തവാടി (105), സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബത്തേരി (94), ജി.എം.ആര്‍.എസ് പൂക്കോട്(59), ജി.എം.ആര്‍.എസ് കല്‍പ്പറ്റ(37), എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസ് നല്ലൂര്‍നാട്(33), ഗവ. ആശ്രമം സ്‌കൂള്‍ തിരുനെല്ലി(30), രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍.എച്ച്.എസ്.എസ് നൂല്‍പ്പുഴ(29), ജി.എച്ച്.എസ്. അതിരാറ്റുകുന്ന്(28), ജി.എച്ച്.എസ് ചേനാട്(24), സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് സ്‌കൂള്‍ മീനങ്ങാടി(14) എന്നിവയാണ് 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍.
2016ലും വയനാട്ടില്‍ 12 സ്‌കൂളുകള്‍ക്കായിരുന്നു 100 മേനി. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ജി.എച്ച്.എസ് വാളവയല്‍, ജി.എച്ച്.എസ് അതിരാറ്റുകുന്ന്, ജി.എച്ച്.എസ് ബീനാച്ചി, എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസ് നല്ലൂര്‍നാട്, ജി.എം.ആര്‍.എസ്. കല്‍പ്പറ്റ, ജി.എം.ആര്‍.എസ് പൂക്കോട് എന്നിവക്കാണ് 2016ല്‍ 100 ശതമാനം വിജയം ഉണ്ടായിരുന്നത്.
2015ല്‍ 98.11 ശതമാനമായിരുന്നു വിജയം. 2016ല്‍ 447 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിരുന്നു. ഇത്തവണ അത് 392 ആയി കുറഞ്ഞു.
ചേനാട് സ്‌കൂളിന് നൂറുമേനി
[caption id="attachment_318980" align="alignnone" width="317"]ആശ്രാമം സ്‌കൂള്‍ തിരുനെല്ലി സ്‌കൂളിലെ വിദ്യാര്‍ഥികള്‍[/caption]
സുല്‍ത്താന്‍ ബത്തേരി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചെതലയം ചേനാട് ഗവ.ഹൈസ്‌കൂളിന് നൂറു ശതമാനം വിജയം. 13 ആണ്‍ കുട്ടികളും എട്ട് പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്.
ഒന്‍പത് എ പ്ലസ് നേടിയ വൃന്ദയാണ് സ്‌കൂളില്‍ ഒന്നാമത്. 65 ശതമാനവും ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. പരാധീനതകള്‍ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. പശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.
ഇതിന്റെ ഭാഗമായി വരുന്ന അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. നിലവില്‍ ഒന്നാം ക്ലാസ് ഹൈടെക് ആണ്.
കൂടാതെ ഹൈസ്‌കൂളിലെ അഞ്ച് ക്ലാസ് മുറികള്‍ കൂടി ഹൈടെക് ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആദിവാസികളുടേയും സാധാരണക്കാരുടേയും മാത്രം മക്കള്‍ പഠിക്കുന്ന സ്‌കൂളാണ് അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചത്.
മിന്നുംവിജയവുമായി കല്ലൂര്‍ രാജീവ് ഗാന്ധി സ്‌കൂള്‍
സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കാട്ടുനായ്ക്ക വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ എസ്.എസ്.എല്‍.സിക്ക് മിന്നുന്ന വിജയം.
പരീക്ഷ എഴുതിയ 29 വിദ്യാര്‍ഥികളും വിജയിച്ചു. 17 പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. നാല് എ പ്ലസ് നേടി ജെ. നിവ്യ സ്‌കൂളില്‍ ഒന്നാമതായി. കഴിഞ്ഞ വര്‍ഷം 34 പേര്‍ പരീക്ഷ എഴുതിയതില്‍ 33 പേരാണ് വിജയിച്ചത്. അതിനാല്‍ നൂറു ശതമാനം വിജയം നേടാനായില്ല. 2011, 12, 13 വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു.
പൊതുവെ പഠനകാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് നിരന്തര പരിശീലനം നല്‍കിയാണ് ഉന്നത വിജയം നേടാന്‍ യോഗ്യരാക്കിയത്. നിരവധി പരിമിതികള്‍ക്കിടയില്‍ നിന്നാണ് സ്‌കൂള്‍ അഭിനാര്‍ഹമായ നേട്ടം കൈവരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ സ്‌കൂളിന് സ്വന്തമായത്.
രണ്ട് മാസം മുന്‍പ് കുഴല്‍ക്കിണര്‍ കുഴിച്ചതോടെയാണ് കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായത്. രണ്ട് വര്‍ഷം മുന്‍പ് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചെങ്കിലും കെട്ടിടമില്ലാത്തതിനാല്‍ ക്ലാസ് തുടങ്ങാനായില്ല.
രണ്ട് മാസം മുന്‍പ് പി.ഡബ്ല്യു.ഡി അധികൃതര്‍ എത്തി സ്ഥലം അളന്ന് കെട്ടിടം പണിയാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കളിക്കാന്‍ ഗ്രൗണ്ടില്ലാത്തതാണ് സ്‌കൂളിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം.
ദീര്‍ഘനാളായി അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഗ്രൗണ്ട് കണ്ടെത്തുന്നതിനായുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല.
പ്രധാനാധ്യാപകന്‍ എം.എം കുര്യന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ് വിദ്യാര്‍ഥികളെ ഉന്നത വിജയത്തിലേക്കെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."