പ്രളയാനന്തരം മത്സ്യങ്ങള്‍ക്ക് വിചിത്രരോഗം; മത്സ്യങ്ങളുടെ ശരീരം അഴുകി വ്രണമാകുന്നു
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അമിതമായ തോതില്‍ മഴവെള്ളം ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഒഴുകിയെത്തിയതിനെ തുടര്‍ന്ന് മത്സ്യങ്ങളില്‍ വിചിത്രരോഗം കണ്ടെത്തി. മലബാറിലെ വിവിധ പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിന്‍, കൊല്ലത്തെ മണ്‍റോ തുരുത്തിലും കുമരകം കായലിലുമൊക്കെയാണ് ഇത്തരത്തില്‍ രോഗം ബാധിച്ച മത്സ്യങ്ങളെ കണ്ടെത്തിയത്. മത്സ്യങ്ങളുടെ ശരീരം അഴുകി വ്രണമാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിന്‍ഡ്രോം (ഇ.വി.എസ്) എന്ന ഫംഗസ് രോഗമാണ് പടരുന്നതെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്)യുടെ അനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.
മഴവെള്ളം കൂടുതല്‍ ഒഴുകിയെത്തിയതിനെ തുടര്‍ന്ന് കായലിലെ ഉപ്പുവെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് രോഗബാധയ്ക്ക് കാരണം. പ്രളയജലം ഉയര്‍ന്ന തോതില്‍ കലര്‍ന്നതോടെ ഉള്‍നാടന്‍ ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടാകുകയും ഫംഗസ് രോഗം പടരുകയുമായിരുന്നെന്ന് അനിമല്‍ ഹെല്‍ത്ത് ലബോറട്ടറി മേധാവി ഡോ.ദേവിക പിള്ള പറഞ്ഞു. കുളങ്ങളില്‍ വളരുന്ന മത്സ്യങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും കണമ്പ്, മാലാന്‍, തിരുത, കരിമീന്‍ എന്നിവയെയാണ് രോഗം ബാധിച്ചിട്ടുള്ളത്.
വളര്‍ച്ചയെത്തിയ മത്സ്യങ്ങളില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് മത്സ്യകര്‍ഷകര്‍. രോഗം ബാധിച്ച മത്സ്യങ്ങളെ വിറ്റഴിക്കാനാകില്ല. കായലില്‍ നിന്ന് മത്സ്യം പിടിക്കുന്ന തൊഴിലാളികളും ആശങ്കയിലാണ്. ഇത്തരത്തില്‍ 1989ലും മത്സ്യങ്ങളില്‍ രോഗം കണ്ടെത്തിയിരുന്നുവെന്ന് കുഫോസ് അധികൃതര്‍ പറഞ്ഞു.
രോഗം പടരുന്നത് തടയാനായി മത്സ്യകര്‍ഷകര്‍ കുളങ്ങളില്‍ കുമ്മായം ഇട്ട് പി.എച്ച് ലെവല്‍ ഉയര്‍ത്തണം. തുടര്‍ന്ന് അഗ്രി ലൈമോ ഡോളമെറ്റോ ഒരേക്കറിന് 10 കിലോ എന്ന തോതില്‍ 250 ഗ്രാം പോട്ടാസ്യം പെര്‍മാഗനേറ്റും ചേര്‍ത്ത് 10 ദിവസത്തില്‍ ഒരിക്കല്‍ പ്രയോഗിക്കണം.
ജാഗ്രത പാലിക്കണം
രോഗത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 9446111033. അതേസമയം വ്യാപകമായി രോഗബാധ കണ്ടെത്തിയിട്ടുള്ളതിനാല്‍ മത്സ്യ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് കുഫോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."