ഐ.പി.എല്‍ ഫൈനല്‍ ഇന്ന് വൈകീട്ട് 7.30ന്; ധോണിയുടെ ചെന്നൈയോ രോഹിതിന്റെ മുംബൈയോ ?
ഹൈദരാബാദ്: മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സോ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സോ... ആരാവും ഇന്ന് ഐ.പി.എല്‍ കപ്പില്‍ മുത്തമിടുക? ചോദ്യത്തിന് ഇന്ന് രാത്രിയോടെ ഉത്തരമാവും. രാത്രി 7.30 മുതല്‍ ഹൈദരാബാദ് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പന്ത്രണ്ടാം ഐ.പി.എല്‍ ഫൈനല്‍. നാലാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈയും മുംബൈയും ഇന്നു കളത്തിലിറങ്ങുക. ആരാധകപിന്തുണയിലും താരത്തിളക്കത്തിലും കിരീടങ്ങളുടെ എണ്ണത്തിലും ഒപ്പത്തിനൊപ്പം നില്ക്കുന്ന രണ്ടുടീമുകളാണ് ചെന്നൈയും മുംബൈയും. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപയുടെ സമ്മാനത്തുകയുമാണ് വിജയികളെ കാത്തിരിക്കുന്നത്.
ഇതുവരെ 27 തവണയാണ് മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍ പോരാട്ടം നടന്നത്. അതില്‍ മുംബൈ 16 എണ്ണത്തില്‍ ജയിച്ചപ്പോള്‍ ചെന്നൈ ജയിച്ചത് 11ല്‍ മാത്രം. മുംബൈയും ചെന്നൈയും മൂന്നുതവണ വീതം കിരീടം നേടിയിട്ടുണ്ട്. ചെന്നൈ ടീം ഏഴുതവണ ഫൈനലിലെത്തി അതില്‍ നാലുതവണ തോറ്റു. മുംബൈ ഇന്ത്യന്‍സ് കളിച്ച നാലു ഫൈനലില്‍ മൂന്നിലും ജയിച്ചു. നേര്‍ക്കുനേര്‍ ഫൈനലില്‍ മൂന്നുവട്ടം എതിരിട്ടപ്പോള്‍ രണ്ടിലും വിജയം മുംബൈക്ക്. കണക്ക് പുസ്തകത്തില്‍ നേരിയ മുന്‍തൂക്കം മുംബൈക്കുണ്ടെന്നു തോന്നുമെങ്കിലും 'ക്യാപ്റ്റന്‍ കൂള്‍' ധോണിയുടെ നിയകമികവും നിര്‍ണായകഘട്ടത്തില്‍ തിരിച്ചുവരാനുള്ള ശേഷിയുമാണ് ചെന്നൈയുടെ ശക്തി. ഇന്നു വീണ്ടുമൊരു കലാശക്കളിയില്‍ മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒരു റെക്കോര്‍ഡ് മറിയും. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം എന്ന റെക്കോഡ് ഒരു ടീമിന് സ്വന്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."