ആറം ഘട്ട വോട്ടെടുപ്പ്: പോളിങ് 62 ശതമാനം, ബംഗാളില്‍ ഇപ്രാവശ്യവും വ്യാപക അക്രമം
ന്യൂഡല്‍ഹി: ഞായറാഴ്ച നടന്ന ആറാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ 62 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ്, ഹരിയാന, ബിഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ പത്ത് സീറ്റുകളിലും ബിഹാറിലും മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും എട്ട് സീറ്റുകളിലും ഡല്‍ഹിയില്‍ ഏഴിലും ജാര്‍ഖണ്ഡില്‍ നാല് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
പശ്ചിമബംഗാളില്‍ വ്യാപക അക്രമം
പശ്ചിമബംഗാളില്‍ വ്യാപക അക്രമമാണ് വോട്ടെടുപ്പ് സമയത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടു ചെയ്യാനെത്തിയവരെ അക്രമിച്ചെന്ന് സി.പി.എം ആരോപിച്ചു. ബംഗാളില്‍ ഒരു ബി.ജെ.പി നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിന്നില്‍ തൃണമൂലാണെന്ന് ബി.ജെ.പി ആരോപിച്ചു. വിവിധയിടങ്ങളില്‍ ബി.ജെ.പി- തൃണമൂല്‍ സംഘര്‍ഷമുണ്ടായി.
പോളിങ് കൂടുതല്‍ ബംഗാളില്‍
രാത്രി എട്ടു വരെയുളള കണക്ക് പ്രകാരം ഏറ്റവും ശക്തമായ പോളിങ് രേഖപ്പെടുത്തിയത് പശ്ചിമ ബംഗാളിലാണ്. 80 ശതമാനം വോട്ടുകളാണ് ബംഗാളില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശിലാണ്, 54 ശതമാനം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും തണുത്ത പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നുമുണ്ടായത്.
ബിഹാറില്‍ 59 ശതമാനം, ഹരിയാനയില്‍ 65 ശതമാനം, മധ്യപ്രദേശില്‍ 63 ശതമാനം, ജാര്‍ഖണ്ഡില്‍ 64 ശതമാനം, ഡല്‍ഹി 58 ശതമാനം എന്നിങ്ങനെയാണ് പോളിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."