ഏറ്റുമാനൂര്‍ റയില്‍വേ മേല്‍പ്പാലം അടുത്ത മാസം ഗതാഗതത്തിന് തുറന്നു കൊടുക്കും
ഏറ്റുമാനൂര്‍: നീണ്ടൂര്‍ റോഡില്‍ ഏറ്റുമാനൂര്‍ റയില്‍വേ മേല്‍പ്പാലം അടുത്ത മാസം ആദ്യം ഗതാഗതത്തിന് തുറന്നു കൊടുക്കും. പാലത്തിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്്. ഇനി ഏതാനും മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. അപ്രോച്ച് റോഡുകളുടെ പണികള്‍ ആരംഭിച്ചു. ഇതോടൊപ്പം റയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണവും അതിരമ്പുഴ റോഡിലെ അടിപ്പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
2017 മെയ് മാസത്തിലാണ് പഴയ പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഏറ്റുമാനൂരില്‍ പുതിയ റയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് പാലം പൊളിച്ചു പണിതത്. കോട്ടയത്തിനും കുറുപ്പന്തറയ്ക്കും ഇടയിലുള്ള പാലങ്ങള്‍ക്ക് പതിമൂന്നര കോടി രൂപ വകയിരുത്തിയാണ് പണി ആരംഭിച്ചത്്. ഏറ്റുമാനൂരിലെ മേല്‍പ്പാലത്തിന് 40 മീറ്റര്‍ നന്മാണ് ഉള്ളത്. 2017 ഡിസംബറോടെ പൂര്‍ത്തിയാക്കാനിരുന്ന പാലം പണി പ്രതികൂല കാലാവസ്ഥയും കരാര്‍കാരുടെ സമരവും മൂലം നീളുകയായിരുന്നു.
നിലവിലുള്ള 140 മീറ്റര്‍ പ്ലാറ്റ്‌ഫോം നിലനിര്‍ത്തികൊണ്ടാണ് പുതിയ സ്‌റ്റേഷന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഓപ്പറേറ്റിംഗ് സംവിധാനങ്ങളൊക്കെ പുതിയ സ്റ്റേഷനിലേക്ക് മാറ്റുന്നതോടൊപ്പം ആധുനിക സിഗ്‌നല്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാകും. നിലവിലുള്ള സ്റ്റേഷന്‍ കെട്ടിടം പൊളിക്കില്ല. അതിരമ്പുഴ റോഡിനും നീണ്ടൂര്‍ റോഡിനുമിടയില്‍ വരത്തക്കവിധം നിര്‍മ്മിക്കുന്ന റയില്‍വേ സ്റ്റേഷനോടൊപ്പം നിലവിലുള്ള പാളങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകളുടെ നിര്‍മ്മാണത്തോടൊപ്പം മൂന്ന്, നാല് ട്രാക്കുകളുടെ പണികള്‍ പുരോഗമിക്കുന്നു. ഈ പാതകളുടെ പണി തീര്‍ന്നാലുടന്‍ നിലവിലുള്ള ട്രാക്കുകളില്‍ നിന്ന് ഗതാഗതം വഴിതിരിച്ചുവിടും.
നിലവിലെ ട്രാക്കുകള്‍ പൊളിക്കുന്നതോടൊപ്പം അതിരമ്പുഴ റോഡിലെ പഴയ അടിപ്പാതയും പൊളിക്കും. നിലവില്‍ ഒരു ട്രാക്കാണ് ഈ അടിപ്പാതയ്ക്കു മുകളില്‍ ഉണ്ടായിരുന്നത്. പുതുതായി രണ്ട് ട്രാക്കുകള്‍ പണിയുന്നത് സിഗ്നല്‍ സഹിതം മനയ്ക്കപാടത്തെ അടിപ്പാതയ്ക്കും അപ്പുറത്തെത്തും. നിലവിലുള്ള ട്രാക്കുകള്‍ പൊളിച്ച് പുതുക്കി നിര്‍മ്മിച്ചശേഷമേ സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ അവസ്ഥയിലെത്തുവെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."