ആറാംഘട്ടത്തില്‍ 60 % പോളിങ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പില്‍ 60 ശതമാനത്തിലധികം പോളിങ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, സുഷമാ സ്വരാജ്, അരവിന്ദ് കെജ്രിവാള്, ഷീലാ ദീക്ഷിത്, അജയ് മാക്കന് തുടങ്ങിയ പ്രമുഖര്‍ ഇന്നലെ ഡല്‍ഹിയില്‍ വോട്ട് ചെയ്തു.
ഡല്‍ഹിയില്‍ 56 ശതമാനം പോളിങ് നടന്നു. ആറാംഘട്ടത്തില്‍ ആകെ വോട്ടിങ് മെഷീന്റെ 0.35 ശതമാനവും 0.38 ശതമാനം കണ്ട്രോള് യൂനിറ്റുകളും 1.52 ശതമാനം വിവിപാറ്റുകളും മാറ്റേണ്ടി വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
ഡല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ 111കാരന് ബച്ചന് സിങ് തിലക് വിഹാര്‍ പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്തു. ബംഗാളില്‍ എട്ടു മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കേശ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഭാരതി ഘോഷിന്റെ വാഹനത്തിന് നേരേ ബോംബേറുണ്ടായി. സുരക്ഷാ ഗാര്‍ഡിന് പരുക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപറ്റുകയും ചെയ്തു.
ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലാണ് പ്രിയങ്ക വോട്ട് ചെയ്തത്. നിര്‍മല്‍ ഭവന് ബൂത്തില്‍ ഷീലാ ദീക്ഷിതിനൊപ്പമെത്തിയാണ് സോണിയ വോട്ട് ചെയ്തത്. സുഷമാ സ്വരാജ് ഔറംഗസീബ് ലൈനിലെ ബൂത്തിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനടുത്തുള്ള പത്താം നമ്പര്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും കുടുംബത്തോടൊപ്പം വോട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."