തേലക്കാട് ദുരന്തത്തിന് നാളേയ്ക്ക് അഞ്ചുവയസ്: പ്രദേശത്ത് അപകടനിവാരണ സംവിധാനം ഇനിയുമൊരുക്കിയില്ല
വെട്ടത്തൂര്‍: നാട്ടുകാരായ വിദ്യാര്‍ഥികളടക്കം 15 പേരുടെ ജീവന്‍ കവര്‍ന്ന തേലക്കാട് ബസപകടത്തിന് നാളേക്ക് അഞ്ചാണ്ട് തികയുന്നു. 2013 സെപ്റ്റംബര്‍ ആറിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
ജില്ലയിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ ബസപകടമായിരുന്നു തേലക്കാട്ടേത്. പെരിന്തല്‍മണ്ണയില്‍നിന്ന് മേല്‍ക്കുളങ്ങരയിലേക്ക് പോവുകയായിരുന്ന ഫ്രണ്ട്‌സ് ബസാണ് അപകടത്തില്‍പെട്ടത്. അലനല്ലൂര്‍-കാര്യവട്ടം പാതയില്‍ തേലക്കാടിനു സമീപം പൂവക്കുണ്ടില്‍ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം.
ഏഴ് വിദ്യാര്‍ഥിനികളടക്കം 15 പേര്‍ മരിച്ചതില്‍ 11 പേരും മേല്‍ക്കുളങ്ങര സ്വദേശികളായിരുന്നു. പരുക്കേറ്റവരില്‍ പലരും ഇന്നും പൂര്‍ണമായും മുക്തരായിട്ടില്ല. സഹോദരങ്ങളും അടുത്തടുത്ത വീടുകളിലുള്ളവരും ഒരേ കോളജില്‍ പഠിക്കുന്നവരുമൊക്കെയാണ് മരിച്ചവരിലും പരുക്കേറ്റവരിലുമുണ്ടായിരുന്നത്.
അപകടം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ബസിന്റെ ഇന്‍ഷൂറന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇനിയും തീരുമാനമായിട്ടില്ല. അപകടത്തില്‍പെട്ട ബസിന് ഇന്‍ഷൂര്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുഛമായ തുക മാത്രമാണ് മരിച്ചവരുടെ ആശ്രിതര്‍ക്കും അപകടത്തില്‍പെട്ടവര്‍ക്കും ലഭിച്ചത്. തേലക്കാട് ബസപകടം നടന്ന കാര്യവട്ടം-അലനല്ലൂര്‍ പാതയുടെ നവീകരണത്തിന് ഇനിയും നടപടിയായിട്ടില്ല. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തേലക്കാട് അപകടത്തിന് ഒരു കാരണമായി അധികൃതര്‍ ചൂണ്ടി കാണിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി നാറ്റ്പാക്ക് നടത്തിയ പരിശോധനയില്‍, പാതയില്‍ അപകടങ്ങള്‍ ലഘൂകരിക്കുന്നതിനായി വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 12 കിലോമീറ്റര്‍ ദൂരമുള്ള പാതയില്‍ വാഹന നിയമപ്രകാരം സര്‍വേ നടത്തി വാഹനങ്ങളുടെ വേഗപരിധി പുനര്‍നിശ്ചയിക്കുക, വേഗപരിധി റോഡരികിലെ ബോര്‍ഡില്‍ സൂചിപ്പിക്കുക, റോഡ് ശാസ്ത്രീയമായി പുനര്‍നിര്‍മിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നാറ്റ്പാക് നല്‍കിയിരുന്നത്. എന്നാല്‍, ഇവയെല്ലാം ഇപ്പോഴും കടലാസില്‍ തന്നെയാണ്. റോഡ് നിര്‍മാണത്തിലെ പോരായ്മ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളുടെ തുടര്‍ക്കഥയാണ് ഇന്നും കാര്യവട്ടം-അലനല്ലൂര്‍ പാത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."