ജില്ലയില്‍ എലിപ്പനി മരണം പത്തായി
മലപ്പുറം: ജില്ലയില്‍ എലിപ്പനി രോഗലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന രണ്ടു പേര്‍കൂടി മരണപ്പെട്ടു. ഇന്നലെയും മിനിയാന്നുമാണ് രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്. ഇതില്‍ ഇന്നലെ മരണപ്പെട്ട എടവണ്ണ സ്വദേശി ഷിബിന്‍(27)ന്റെ മരണകാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ മൂന്നിന് മരണപ്പെട്ട നെടുവ ഹെല്‍ത്ത് ബ്ലോക്ക് പരിധിയിലെ ഹൈറുന്നീസ (45) യുടെ മരണം എലിപ്പനിമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പ്രളയത്തിന് ശേഷം ജില്ലയില്‍ എലിപ്പനി മൂലം മരണപ്പെട്ടത് പത്ത് പേരാണ്. ഇതില്‍ ഒരാളുടെ മരണം മാത്രമാണ് എലിപ്പനിമൂലമെന്ന് സ്ഥിരീകരിച്ചത്. കനത്ത മഴക്ക് ശേഷം 82 പേരാണ് എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇതില്‍ 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ 2,077 പേരാണ് പനിയെ തുടര്‍ന്ന് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇന്നലെ മാത്രം 27 പേര്‍ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. അതേസമയം, ജില്ലയില്‍ ഡെങ്കിപ്പനിയും എച്ച്.വണ്‍.എന്‍ വണും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ അഞ്ച് പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. എടവണ്ണ, മഞ്ചേരി എന്നിവിടങ്ങളിലായി രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
വളാഞ്ചേരിയില്‍ സ്ഥിരീകരിച്ചതുള്‍പ്പടെ ജില്ലയില്‍ രണ്ട് പേരാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണവുമായി ചികിത്സ തേടിയത്. വേങ്ങരയില്‍ ഒരാള്‍ക്ക് മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."