മലപ്പുറത്തിന് 'എ പ്ലസ് '
മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയ്ക്ക് 95.53 ശതമാനം വിജയം. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയപ്പോള്‍ വിജയികളുടെ എണ്ണത്തിലും വിജയ ശതമാനത്തിലും ജില്ല പിറകോട്ടടിച്ചു.
80,584 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ജില്ലയില്‍ 76,985 വിദ്യാര്‍ഥികളാണ് തുടര്‍പഠനത്തിനു യോഗ്യത നേടിയത്. 83,285 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കഴിഞ്ഞ വര്‍ഷം 79,816 കുട്ടികള്‍ തുടര്‍പഠനത്തിനു യോഗ്യത നേടിയിരുന്നു. 95.83 ആണ് കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2015 ല്‍ 98.3 ശതമാനമായിരുന്നു വിജയം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ജില്ലയിലെ 116 വിദ്യാലയങ്ങളാണ് നൂറുമേനിക്ക് അര്‍ഹമായത്. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുള്‍ ഉള്‍പ്പെടുന്നെന്നതു ശ്രദ്ധേയമാണ്.
ഇതുകൂടാതെ മൂന്ന് എയ്ഡഡ് സ്‌കൂളുകളും 102 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ് നൂറുശതമാനം വിജയം നേടിയത്. ജില്ലയിലെ 17 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 119 സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷം നൂറു ശതമാനം വിജയം കൈവരിച്ചിരുന്നു. ഇതും ഇത്തവണ കുറഞ്ഞു.
സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ എയ്ഡഡ് സ്‌കൂള്‍ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസാണ്. 854 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഇവിടെ മുഴുവന്‍ കുട്ടികളും വിജയിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ താനൂര്‍ ദേവദാര്‍ എച്ച്.എസ്.എസാണ് (913). സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുള്ള ജില്ലയെന്ന കഴിഞ്ഞ വര്‍ഷത്തെ നേട്ടം ഇത്തവണയും ജില്ല നിലനിര്‍ത്തി. ജില്ലയിലെ 3,640 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ്. കഴിഞ്ഞ വര്‍ഷം 3,555 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയിരുന്നു.
1,207 ആണ്‍കുട്ടികളും 2,433 പെണ്‍കുട്ടികളുമാണ് ഇത്തവണ മുഴുവന്‍ എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 85 പേര്‍ക്ക് അധികമായി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത് (97.62). കുറവ് തിരൂരില്‍ (94.26). വണ്ടൂരില്‍(94.38), തിരൂരങ്ങാടിയില്‍ (94.72) എന്നിങ്ങനെയാണ് വിജയശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."