വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: മൂന്ന് പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ആള്‍മാറാട്ടവും വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ അടക്കം നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുക്കം നിലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. റസിയ, ആള്‍മാറാട്ടത്തിന് ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ പി.കെ ഫൈസല്‍, സ്‌കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി.മുഹമ്മദ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
നാലു കുട്ടികളെ പരീക്ഷാ ഹാളിലിരുത്തി അധ്യാപകന്‍ പരീക്ഷ എഴുതിയതെന്നാണ് ആക്ഷേപം.
അധ്യാപകന്‍ പരീക്ഷ എഴുതിയത് സ്‌കൂളിന് നൂറ് ശതമാനം വിജയം ഉറപ്പാക്കാനാണെന്നാണറിയുന്നത്. അധ്യാപകന്‍ പരീക്ഷയെഴുതിയത് വിദ്യാര്‍ഥികള്‍ അറിഞ്ഞത് തട്ടിപ്പ് പിടിക്കപ്പെട്ടപ്പോള്‍ മാത്രവുമാണ്.ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതി നല്‍കിയത്.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അതീവ ജാഗ്രതയോടെ നടത്തിയ മൂല്യനിര്‍ണയത്തിനിടെയാണ് ഗുരുതരമായ ആള്‍മാറാട്ടം കണ്ടെത്തിയത്. നാല് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷകളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.മുന്‍പ് പരീക്ഷയില്‍ മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥികളെ അംഗവൈകല്യ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് പ്രത്യേക ആനുകൂല്യങ്ങള്‍ കരസ്ഥമാക്കി വിജയിപ്പിക്കുന്ന മാര്‍ഗങ്ങളായിരുന്നു കൂടുതലായും സ്വീകരിച്ചിരുന്നത്.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ സമ്മതത്തോടെ ചില സഹായങ്ങള്‍ ചെയ്തെന്നായിരുന്നു അധ്യാപകന്‍ നിഷാദ് വി.മുഹമ്മദിന്റെ വിശദീകരണം. എന്നാല്‍ അത് മുഖവിലക്കെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
സംഭവത്തില്‍ പൊലിസ് അന്വേഷണം വേണമെന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ആവശ്യമനുസരിച്ച് തെളിവെടുപ്പ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. ഇവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിക്കാ്ന്‍ പൊലിസിനും നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."