പാലക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ ഇനി തണലില്‍ നില്ക്കാം
പാലക്കാട്: കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ വരുന്ന യാത്രക്കാര്‍ക്ക് ഇനി തണലത്ത് നില്ക്കാം. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ തണല്ഷെഡിന് മാനേജ്മെന്റ് അനുമതി നല്കി. കഠിനമായ വേനലും മഴയും ഏല്ക്കാതെ നില്ക്കാന് തണല്ഷെഡ് നിര്‍ബന്ധമായിരുന്നു.
സ്ഥാപനങ്ങളുടെ സഹായത്താല്‍ ഇന്നലെ മുതല്‍ പണികള്‍ ആരംഭിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.ആര്.ടി.സി എം.ഡി എം.ജി രാജമാണിക്കവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പരമാവധി യാത്രക്കാര്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ പെട്രോള്‍ പമ്പിന്റെ സമീപത്തായിട്ടാണ് ഷെഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി സംഘടനകള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇതിനൊരു തീരുമാനമായത്. ഇതുകൂടാതെ സ്റ്റാന്‍ഡ് നവീകരണത്തിലെ സ്തംഭനാവസ്ഥ ഒഴിവാക്കാനും നടപടി എടുത്തിട്ടുണ്ട്.
കരാറുകാര്‍ ഉപേക്ഷിച്ചതാണ് സ്തംഭനാവസ്ഥയിലാകാന്‍ കാരണം. ഇതിന്റെ തുടര്‍നടത്തിപ്പിനുള്ള തീരുമാനം അടുത്ത യോഗത്തിലാണ് പരിഗണിക്കുക. രണ്ടാമത്തെ ഉയര്‍ന്ന ടെന്‍ഡര്‍ തുക നല്കുന്ന സ്ഥാപനത്തിനു കരാര്‍ നല്‍കാനാണ് ആലോചന. അതിനാല്‍ ടെന്‍ഡര്‍ തുകയില്‍ മാറ്റം വരും.
നവീകരണത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാലും നിര്‍മാണം മഴക്കാലത്തെ തുടങ്ങാനാകൂ.
2014 ഡിസംബറില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും ഇതുവരെ ഒന്നും പൂര്‍ത്തിയായിട്ടില്ല. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഇനിയും ഒരുപാട് മാറ്റങ്ങള്‍ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."