തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പൊളിക്കാന്‍ തുടങ്ങി
തളിപ്പറമ്പ്: പഴമയുടെ പ്രൗഢിയുമായി നഗരമധ്യത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം ഓര്‍മയാകുന്നു. 134 വര്‍ഷം പഴക്കമുള്ള കെട്ടിടം പുതിയ ഓഫിസ് സമുച്ചയം പണിയുന്നതിനുവേണ്ടി ഇന്നലെ രാവിലെ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചു. 1884ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് 1865 മുതല്‍ ഇതുവരെയും തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിച്ചുവന്നത്. സംസ്ഥാനത്ത് പഴയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 52 സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ പുതുക്കിപ്പണിയുന്നതിന് മന്ത്രി ജി. സുധാകരന്‍ വിളിച്ചുചേര്‍ത്ത സബ് രജിസ്ട്രാര്‍മാരുടെ സംസ്ഥാനതല അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. 1865 മുതലുളള റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ആധാരപ്പകര്‍പ്പു വാല്യങ്ങള്‍കൊണ്ട് നിറഞ്ഞ് സ്റ്റാഫ് റൂമിലും റിക്കോര്‍ഡ് സൂക്ഷിക്കേണ്ട അവസ്ഥയായിരുന്നു. പുതിയ കെട്ടിടത്തില്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളും ഏര്‍പ്പെടുത്തും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. രണ്ടരകോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഒരുവര്‍ഷം കൊണ്ട് കെട്ടിടം പണി പൂര്‍ത്തീകരിക്കും. പഴയ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് 29 മുതല്‍ തൃച്ചംബരം ഡ്രീംപാലസ് ഓഫിസിന് സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."