കശ്മീര്‍ തര്‍ക്കപ്രശ്നം പരിഹരിക്കുന്നതിന് ഏക പ്രതീക്ഷ പ്രധാനമന്ത്രി മോദിയെന്ന് മെഹ്ബൂബ
ജമ്മു: ഏഴു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള ഏക പ്രതീക്ഷ പ്രധാനമന്ത്രി മോദിയെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ജമ്മുവില്‍ ഫ്ളൈ ഓവര്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മെഹ്ബൂബ മുഫ്തി.
കശ്മീര്‍ പ്രശ്നം തീര്‍ച്ചയായും ഒരു ബാലികേറാമല തന്നെയാണ്. എന്നാല്‍, അത് ഏറ്റെടുക്കാന്‍ മോദി തയ്യാറായി. അദ്ദേഹം ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുത്താലും അതിനെ രാജ്യം സപ്പോര്‍ട്ട് ചെയ്യും. മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിമാരില്‍ പലരും പാകിസ്താന് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, അവരാരും തന്നെ കശ്മീര്‍ പ്രശ്നം സംബന്ധിച്ച് കൂടുതല്‍ പടവുകള്‍ മുന്നോട്ടുവച്ചില്ല. എന്നാല്‍, മോദി നേരെ തിരിച്ചാണ്. അദ്ദേഹത്തിന്റെ ലാഹോര്‍ സന്ദര്‍ശനം തന്നെ അതിനുദാഹരണമാണെന്നും മെഹ്ബൂബ പറഞ്ഞു.
എന്റെ പിതാവും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി വളരെയേറെ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകളില്‍ നിന്നും അത്തരം ശ്രമങ്ങള്‍ കണ്ടില്ലെന്നും മെഹ്ബൂബ പറഞ്ഞു.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മെഹ്ബൂബ മുഫ്തി സന്ദര്‍ശിച്ചിരുന്നു. കശ്മീര്‍ താഴ്വരയിലെ പ്രശ്നങ്ങളായിരുന്നു ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയിലെ പ്രധാന വിഷയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."