അഗ്നിരക്ഷാ സേനയെ സുസജ്ജമാക്കും: മുഖ്യമന്ത്രി
തൃശൂര്‍: ദുരന്തമുഖങ്ങളിലെ വെല്ലുവിളികളെ നേരിടാന്‍ സഹായകമാകുംവിധം അഗ്നിരക്ഷാ സേനയെ സുസജ്ജമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുപതാമത് സബ് ഫയര്മാന്മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 39 കോടി രൂപ സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്. വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസ് അക്കാദമിക്കായി ഒരു കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. സേനക്ക് പുതിയൊരു മുഖം നല്‍കുന്നതിന്റെ ഭാഗമായി പുതിയ പേര് നല്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസിലെ 254 ഫയര്മാന്മാരും ലക്ഷദ്വീപിലേക്കുള്ള 27 ഫയര്മാന് ഡ്രൈവര്‍ ഓപറേറ്റര്‍മാരുമാണ് പരിശീലനം പൂര്‍ത്തിയാക്കി പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
പരിശീലനത്തില്‍ മികവ് പുലര്‍ത്തിയ കോഴിക്കോട് നിന്നുള്ള സി.കെ അഖില്‍, തിരുവനന്തപുരത്ത് നിന്നുള്ള എസ്. സനല്‍കുമാര്‍, പാലക്കാട് നിന്നുള്ള ഐ. മുകേഷ് എന്നിവര്‍ക്ക് മുഖ്യമന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. പരിശീലനാര്ഥികളുടേയും പരിശീലകരുടേയും അവയവദാനത്തിനുള്ള സമ്മതപത്രം ചടങ്ങില്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഡമോണ്‍സ്ട്രേഷനും സേന പരിശീലിപ്പിച്ച കുട്ടികളുടെ നീന്തല്‍ അഭ്യാസവും നടന്നു. പൊലിസ് റേഞ്ച് ഐ.ജി എം.ആര് അജിത്കുമാര്‍, പൊലിസ് പരിശീലന വിഭാഗം ഐ.ജി മഹിപാല്‍ യാദവ്, അഗ്നിസുരക്ഷാ സേന ടെക്നിക്കല്‍ ഡയറക്ടര്‍ ഇ.ബി പ്രസാദ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസ് അക്കാദമി ഡയറക്ടര്‍ എം.ജി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."