രഞ്ജിത്ത് ജോണ്സണ് വധക്കേസ്: ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്
കൊല്ലം: രഞ്ജിത്ത് ജോണ്സണ് വധക്കേസ് ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്. ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് സെഷന്‍സ് കോടതി. ഏഴു പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. എട്ടാം പ്രതി അജിംഷയെ വെറുതെ വിട്ടു
കേസില്‍ 63 പേരെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ വിസ്തരിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ 225 രേഖകളും 26 തൊണ്ടിമുതലും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു. ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെ 10 ഉദ്യോഗസ്ഥരെയും വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളും ഒമ്പതു രേഖകളും ഹാജരാക്കി.
ജോണ്‍സനെ (രഞ്ജു, 40) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി നാഗര്‍കോവിലില്‍ കുഴിച്ചുമൂടിയെന്നാണ് പ്രോസിക്യൂഷന് കേസ്. ഇരവിപുരം സ്വദേശി മനോജ് (പാമ്പ് മനോജ്, 40), നെടുങ്ങോലം സ്വദേശി രഞ്ജിത് (കാട്ടുണ്ണി, 40), പൂതക്കുളം പാണാട്ടുചിറയില്‍ ഉണ്ണി (കൈതപ്പുഴ ഉണ്ണി, 39), വെറ്റിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന ഡീസന്റ്മുക്ക് കോണത്തുകാവിനു സമീപം പ്രണവ് (കുക്കു, 25), ഡീസന്റ്മുക്ക് സ്വദേശി വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്രം നഗറില്‍ വിനേഷ് (38), വെറ്റിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന വടക്കേവിള സ്വദേശി റിയാസ് (30), കിളികൊല്ലൂര്‍ നക്ഷത്ര നഗര്‍ പറങ്കിമാംവിളയില്‍ അജിംഷ (ബാബുജി, 37) എന്നിവരാണു പ്രതികള്‍. ഇതില്‍ എട്ടാം പ്രതി അജിംഷയെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഡിസംബര്‍ ഒന്നിനാണ് കിളികൊല്ലൂര്‍ ക്രൈം എസ്ഐ വി അനില്‍കുമാര്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യപ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകും മുമ്പ് കുറ്റപത്രം നല്‍കിയതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല. ആഗസ്റ്റ് 15നാണ് രഞ്ജിത് ജോണ്‍സണെ കാണാതായത്. കേസെടുത്തത് ആഗസ്ത് 20നും. സെപ്തംബര്‍ ഏഴിനായിരുന്നു കേസിലെ ആദ്യ അറസ്റ്റ്. കൊല്ലം എസിപി എ പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ തമിഴ്നാട്ടില്‍നിന്ന് പിടികൂടുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഷാഡോ ടീം എസ്ഐ യു പി വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കെ ബി മഹേന്ദ്രയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."