ഫലസ്തീന്: ഖത്തര്‍ നിലപാടില്‍ മാറ്റമില്ല, പിന്തുണ തുടരുമെന്നും ഉപപ്രധാനമന്ത്രി
ദോഹ: ഫലസ്തീന് സംഘടനയായ ഫത്ഹ് ജനറല്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജിബ്രീല്‍ റജൂബ് ദോഹയിലെത്തി. ഫലസ്തീന് വിഷയത്തില്‍ ഖത്തര്‍ നിലപാടിന് മാറ്റമില്ലെന്നും ഫലസ്തീന് ജനതയ്ക്ക് നല്കുന്ന പിന്തുണ തുടരുമെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി.
ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഖത്തറും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പൊതുതാല്പര്യ വിഷയങ്ങളും ചര്‍ച്ചചെയ്തു. ഫത്ഹും ഹമാസും തമ്മിലുള്ള ദേശീയ മഞ്ഞുരുക്ക ചര്‍ച്ചകള്‍ക്ക് ഖത്തറിന്റെ പൂര്‍ണ പിന്തുണയും ശൈഖ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി ഉറപ്പു നല്കി.
മേഖലയുടെ സുരക്ഷയും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി അന്താരാഷ്ട്ര തീരുമാനങ്ങള്‍, അറബ് പീസ് ഇനീഷ്യേറ്റീവ്, ദ്വിരാഷ്ട്ര സിദ്ധാന്തം എന്നിവ അടിസ്ഥാനമാക്കി ഫലസ്തീന് വിഷയത്തില്‍ പരിഹാരം കാണണമെന്നും വിദേശകാര്യമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചു.
ഗള്‍ഫ് രാഷ്ട്രങ്ങളും ഇസ്രായേലും തമ്മിലുള്ള ബാന്ധവങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതോടെ ഫലസ്തീന് വിഷയത്തില്‍ പുതിയ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."