എന്‍ജിനിയറിങ് ബിരുദദാരിയെന്ന് 92 ലെ അഭിമുഖത്തില്‍ അവകാശവാദം: മോദിയുടെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചര്‍ച്ചയാവുന്നു
ന്യൂഡല്‍ഹി: താന്‍ എന്‍ജിനിയറിങ് ബിരുദദാരിയാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ അഭിമുഖം പുറത്ത്. കന്നഡ ടാബ്ലോയിഡായ തരംഗയില്‍ 1992 ല്‍ വന്ന അഭിമുഖമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
1992 ജനുവരി 26 ലക്കം തരംഗയിലാണ് മോദിയുടെ ഈ വാദം അച്ചടിച്ചുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് പ്രസിദ്ധീകരിച്ചത്. 1974 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച നവനിര്‍മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും ഇതോടെയാണ് താന്‍ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും ശേഷം ആര്‍.എസ്.എസില്‍ സജീവമായെന്നുമാണ് മോദിയുടെ വാക്കുകള്‍. സംഘത്തിന്റെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വികാസത്തിനായി പരിശ്രമിച്ചെന്നും മോദി പറയുന്നു. താന്‍ അവിവാഹിതനാണെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോദിയുടെ ബിരുദത്തെപ്പറ്റി നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. ഏത് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദമെടുത്തതെന്ന വിവരാകാശ ചോദ്യങ്ങള്‍ക്കും മറുപടിയൊന്നും കിട്ടിയിരുന്നില്ല. റഡാര്‍ പരാമര്‍ശമാണ് ഇപ്പോള്‍ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയാവാന്‍ കാരണം.
താന്‍ ബിരുദാനന്തര ബിരുദധാരിയാണെന്നാണ് ഈ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ മോദി വ്യക്തമാക്കിയിരിക്കുന്നത്. 1978 ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും 1983 ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നാണ് പത്രികയില്‍ പറയുന്നത്. എന്നാല്‍ ഏത് വിഷയത്തിലാണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ല.
മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമായപ്പോള്‍, ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന എം.എന്‍ പട്ടേല്‍ പറഞ്ഞത് മോദി പൊളിറ്റിക്കല്‍ സയന്‍സിലാണ് ബിരുദാനന്തര ബിരുദം നേടിയെന്നായിരുന്നു. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഏതു വര്‍ഷമാണ് പഠിച്ചതെന്ന വിവരം പോലും നല്‍കിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."