സാമ്പത്തികത്തട്ടിപ്പിന് മറയാക്കപ്പെട്ടവന്റെ സങ്കടം
അതേ.., കടുത്ത മനോവേദനയോടെയാണ് ഈ കുറിപ്പെഴുതുന്നത്.
എത്രയോ തവണ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്തരം ചതികളില്‍ സാമ്പത്തിക നഷ്ടമുണ്ടായ സന്ദര്‍ഭങ്ങളുമുണ്ട്. എന്നാല്‍, അന്നൊന്നും തോന്നാത്ത മാനോവിഷമമാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി ഞാന്‍ അനുഭവിക്കുന്നത്.
ഇത്തവണ എന്റെ കൈയില്‍ നിന്നു ചില്ലിക്കാശുപോലും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട്, ഈ തട്ടിപ്പില്‍ ഞാന്‍ ഇരയാണെന്നു പറയാനാവില്ല. പക്ഷേ.., ഇരയാകുന്നതിനേക്കാള്‍ സങ്കടമാണ് പലരും ഇരയാക്കപ്പെടുന്നതിനു മറയാക്കപ്പെടുന്നത്. കാരണം, ഇരയാക്കപ്പെട്ടവര്‍ എന്നെ വിശ്വസിച്ചാണല്ലോ.., എന്നോടുള്ള അവരുടെ നിസ്വാര്‍ഥ സ്‌നേഹത്തിന്റെ പേരില്‍ മാത്രമാണല്ലോ തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം എനിക്കെന്നു കരുതി ഏതോ ദുഷ്ടബുദ്ധിക്കു കൈമാറിപ്പോയത്.
ഒരു സുഹൃത്തുമാത്രമാണ് തട്ടിപ്പിന് ഇരയായ കാര്യം അറിയിച്ചത്. മറ്റെല്ലാവരും സംശയം തോന്നി നേരില്‍ വിളിച്ചതിനാല്‍ ചതിക്കുഴിയില്‍ വീണില്ല. ഒരു പക്ഷേ, പണം നഷ്ടപ്പെട്ടവരില്‍ ഇനിയും പുറത്തുപറയാതെ പലരും കണ്ടേയ്ക്കാം. അവരോടെല്ലാം, അത്തരമൊരു തട്ടിപ്പിന്റെ മറയാക്കപ്പെട്ടവനെന്ന നിലയില്‍ പരസ്യമായി മാപ്പുചോദിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
അതോടൊപ്പം, സൈബര്‍ തട്ടിപ്പുകള്‍ ധാരാളം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വീണ്ടുവിചാരമില്ലാതെ അത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നു മറ്റുള്ളവരെ ഓര്‍മിപ്പിക്കാന്‍ കൂടിയാണ് ഈ കുറിപ്പ്.
സെപ്റ്റംബര്‍ 22 ന് രാത്രിയാണ് ആ സൈബര്‍ തട്ടിപ്പു നടന്നത്. അന്നു വൈകീട്ട് ഏഴര മുതല്‍ ഒമ്പതു വരെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു. ഞാന്‍ താമസിക്കുന്നത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ സ്റ്റുഡിയോയില്‍ പോയല്ല വീട്ടിലിരുന്ന് ഗൂഗിള്‍ മീറ്റ് വഴിയാണു ലൈവ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഓഡിയോയ്ക്കും വിഡിയോയ്ക്കും വെവ്വേറെ ഫോണുകള്‍ ഉപയോഗിക്കേണ്ടി വന്നതിനാല്‍ അതിനിടയില്‍ ആരെങ്കിലും വിളിച്ചോ എന്നറിയില്ല.
ചര്‍ച്ച കഴിഞ്ഞ് എഴുന്നേറ്റയുടന്‍ മൊബൈലില്‍ വിളി വന്നു. ഹൈക്കോടതിയിലെ അഭിഭാഷകനും ദീര്‍ഘകാല സുഹൃത്തുമായ തേജസ് പുരുഷോത്തമനാണ്. തേജസ് ഇടയ്ക്കിടെ വിളിക്കുകയോ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ബന്ധപ്പെടുകയോ ചെയ്യാറുണ്ട്. വിശേഷങ്ങളൊക്കെ വിശദമായി ചോദിച്ചും പറഞ്ഞുമാണ് തുടങ്ങുക.
ഇത്തവണ നേരേ മറിച്ചായിരുന്നു.
സജീവേട്ടാ..., എനിക്ക് ഗൂഗിള്‍ പേ ഇല്ല. പേ ടിഎം വഴി പണം അയച്ചാല്‍ മതിയോ. മുഖവുരയൊന്നും കൂടാതെ തേജസ്സിന്റെ ആദ്യ ചോദ്യം അങ്ങനെയായിരുന്നു. ആ ചോദ്യം കേട്ട് അത്ഭുതപ്പെട്ടുപോയി. തേജസ്സ് എന്നോട് ഇതുവരെ പണമൊന്നും കടം വാങ്ങിയിട്ടില്ല. ഞാന്‍ എന്തെങ്കിലും കാര്യത്തിനു പണം കടം ചോദിച്ചിട്ടുമില്ല. എന്തെങ്കിലും എഴുതിക്കൊടുത്തതിന്റെ പ്രതിഫലമായും ഒന്നും തരാനില്ല. പിന്നെന്തിന് പണമയയ്ക്കുന്നു.
മറ്റേതെങ്കിലും സജീവനാണെന്നു കരുതി ആളുതെറ്റി വിളിച്ചതായിരിക്കുമെന്നു കരുതി തിരിച്ചുചോദിച്ചു, തേജസ് ആരെയാ വിളിച്ചത്.
സുപ്രഭാതത്തിലെ സജീവേട്ടനല്ലേ. തേജസ്സിന്റെ മറുചോദ്യം.
അപ്പോള്‍, ആളുതെറ്റിയിട്ടില്ല. കാര്യമെന്താണെന്നു ചോദിച്ചു.
സജീവേട്ടനല്ലേ കുറച്ചു മുമ്പ് എന്നോട് എഫ്.ബിയില്‍ പണം ചോദിച്ചത്. ഞാന്‍ ഫേസ്ബുക്ക് തുറന്നിട്ടു ദിവസങ്ങളായെന്നും എന്താണു സംഭവിച്ചതെന്നും ചോദിച്ചപ്പോഴാണ് തേജസ് ആ കബളിപ്പിക്കല്‍ കഥ പറഞ്ഞത്. എന്റെ പ്രൊഫൈല്‍ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് തുടങ്ങി എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയായിരുന്നു.
റിക്വസ്റ്റ് സ്വീകരിക്കുന്നവരുമായി തൊട്ടുപിന്നാലെ ചാറ്റ് ചെയ്യുന്നു. കൂടുതല്‍ മുഖവുരയില്ലാതെ വളരെ അത്യാവശ്യമെന്നു പറഞ്ഞ് നേരിട്ട് പണം ചോദിക്കുന്നു. രണ്ടായിരം മുതല്‍ 25,000 വരെ ചോദിച്ചിട്ടുണ്ട്. ചോദിച്ചത്ര പണം കൈയിലില്ലെന്നു പറഞ്ഞാല്‍ അക്കൗണ്ടില്‍ എത്രയുണ്ടെന്നാകും ചോദ്യം. എത്ര കുറച്ചു പറഞ്ഞാലും അത് ഗൂഗിള്‍ പേ വഴി അയയ്ക്കാന്‍ പറയും. ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡുമെല്ലാം അയച്ചുകൊടുത്തിട്ടുണ്ട്.
ഒരു ചാനല്‍ സുഹൃത്തിനോട് 25,000 രൂപയാണു ചോദിച്ചത്. അത്രയില്ലെന്നു പറഞ്ഞപ്പോള്‍ അക്കൗണ്ടില്‍ എത്ര കാണുമെന്നായി. ആയിരം കണ്ടേയ്ക്കുമെന്നു സുഹൃത്ത് മറുപടി നല്‍കി. എന്നാല്‍, അത് അയയ്ക്കണമെന്നായി. ശരിയായ ഇരക്കല്‍.
അത്ര ഗതികെട്ട അവസ്ഥയിലാണോ ഞാന്‍ എന്നറിയാന്‍ ആ സുഹൃത്ത് ദീര്‍ഘകാലം എന്റെ സഹപ്രവര്‍ത്തകനായിരുന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകനെ വിളിച്ചു. അതു സജീവേട്ടനാകാനേ തരമില്ല. നീയൊന്നു വിളിച്ചുനോക്ക് എന്ന് അദ്ദേഹം മറുപടി നല്‍കി. തേജസ്സിന്റെ ഫോണിനു തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഫോണ്‍. അതിനു പിറകെ വിദേശത്തുനിന്നുള്‍പ്പെടെ ഫോണ്‍ പ്രവാഹം. തട്ടിപ്പു നടക്കുന്നു എന്നു പറയാനാണ് ഏറെപ്പേരും വിളിച്ചത്.
സൈബര്‍ സെല്ലിലും ഫേസ്ബുക്കിലും പരാതി കൊടുക്കുംമുമ്പ് എന്റെ യഥാര്‍ഥ ഫേസ്ബുക്ക് അക്കൗണ്ടില്‍ തട്ടിപ്പുവിവരം കൊടുക്കേണ്ടതുണ്ടെന്നു തോന്നി. ഇതുവരെ വിളിച്ചതില്‍ ആരും കബളിപ്പിക്കപ്പെട്ടതായി പറഞ്ഞില്ല. അത്രയും ആശ്വാസം. ഇനിയും വൈകിയാല്‍ ആരെങ്കിലും കബളിപ്പിക്കപ്പെട്ടാലോ. അതിനാല്‍ ഒട്ടും വൈകാതെ അപകട സന്ദേശം തയാറാക്കി അയച്ചു.
നിമിഷങ്ങള്‍ക്കുള്ളില്‍ അതാ ഒരു ഫോണ്‍ കോള്‍. ഗള്‍ഫില്‍ നിന്നു പ്രിയസുഹൃത്ത് അബ്ദുള്‍ സലിം ആണ്. അതു കബളിപ്പിക്കലായിരുന്നു അല്ലേ.., പതിനെട്ടായിരം പോയി.കബളിപ്പിക്കല്‍ സന്ദേശം ഇതിനകം പതിനെട്ടായിരം പേരില്‍ എത്തിയെന്നാണ് ആദ്യം കരുതിയത്. ഇത്രയും പെട്ടെന്ന് ഇത്രയാളുകളിലേയ്ക്ക് എത്തിയോ എന്നു ചോദിച്ചു.
എന്റെ വാക്കുകള്‍ മുഴുവനാക്കും മുമ്പ് സലിം ഇടയില്‍ കയറിപ്പറഞ്ഞു. അതല്ല , എന്റെ പതിനെട്ടായിരം അയാള്‍ തട്ടിയെടുത്തു.
ഞാനുമായി വളരെ അടുപ്പ ബന്ധമുള്ളയാളാണ് സലിം. അതിനാല്‍ വളരെ അത്യാവശ്യമാണെന്നു പറഞ്ഞ് ഒരു സന്ദേശം കിട്ടിയപ്പോള്‍ സംശയം തോന്നിയില്ല. അദ്ദേഹം അപ്പോള്‍ പണമയയ്ക്കാന്‍ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല. എങ്കിലും എന്നെ നിരാശപ്പെടുത്തരുതല്ലോ എന്നു കരുതി കണ്ണൂരിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തിനെ വിളിച്ച് ഉടനെ പണമയക്കാന്‍ പറയുകയായിരുന്നു.
20,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്രയും ഇല്ലാത്തതിനാല്‍ 18,000 രൂപ ആ സുഹൃത്ത് ഉടനെ അയച്ചു. അതു സലിമിനെ വിളിച്ചറിയിക്കുകയും ചെയ്തു. പണമെത്തിക്കാനായല്ലോ എന്ന ആശ്വാസത്തില്‍ സലിം ഇരിക്കുമ്പോഴാണ് എന്റെ യഥാര്‍ഥ എഫ്.ബി അക്കൗണ്ടില്‍ നിന്നു കബളിപ്പിക്കല്‍ മുന്നറിയിപ്പു കിട്ടുന്നത്.
ഈ കുറിപ്പു വായിക്കുന്നവരോടെല്ലാമായി ഒരു അഭ്യര്‍ഥന നടത്തട്ടെ. സുഹൃത്തുക്കളേ, എത്ര പ്രിയപ്പെട്ടവരുടെ പേരിലായാലും ഇത്തരം അടിയന്തര സഹായാഭ്യര്‍ഥനകള്‍ കിട്ടുമ്പോള്‍ ഉടന്‍ പണം അയയ്ക്കാതിരിക്കുക. ഒന്നു വീണ്ടുവിചാരം നടത്തുക. നേരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുക. കബളിപ്പിക്കല്‍ അല്ല എന്ന് ഉറപ്പുവരുത്തി മാത്രം അനുകൂലമായി പ്രതികരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."